അരിയൂർ ബാങ്കിനെതിരേയുള്ള സിപിഎം പ്രചാരണം വ്യാജമെന്നു ഭരണസമിതി
1486148
Wednesday, December 11, 2024 6:43 AM IST
മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണ ബാങ്കിനെതിരെയുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. നിലവിൽ ബാങ്ക് സുരക്ഷിതമാണെന്നും ഇടപാടുകാർ ആശങ്കരാകേണ്ട കാര്യമില്ലെന്നും ഭരണസമിതി പറഞ്ഞു. 2023 മെയ് മാസത്തിൽ വന്ന വാർത്തകൾ വളച്ചൊടിച്ച് നിക്ഷേപകർക്കിടയിൽ ആശങ്കയുള്ളവാക്കി നിക്ഷേപകർ നിക്ഷേപം ഒന്നിച്ച് പിൻവലിച്ചതാണ് അരിയൂർ ബാങ്കിൽ നിലവിലുള്ള പ്രതിസന്ധിക്ക് കാരണം.
101 കോടി നിക്ഷേപവും 104 കോടി വായ്പയും ഉണ്ടായിരുന്ന ബാങ്ക് വ്യാജ പ്രചാരണങ്ങൾ കാരണം നിക്ഷേപം 60 കോടിയിലേക്ക് എത്തിയതാണ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണം. നിക്ഷേപകർ ഒരേസമയം ബാങ്കിൽ നിന്നും നിക്ഷേപം പിൻവലിക്കുവാൻ കാരണം ഈ അപവാദ പ്രചാരണങ്ങളാണെന്ന് ഭരണസമിതി പറഞ്ഞു. അരിയൂർ സർവീസ് സഹകരണ ബാങ്ക് സഹകരണ വകുപ്പിന്റെ അന്വേഷണങ്ങൾ നേരിട്ടതിൽ മറ്റ് സഹകരണ ബാങ്കുകളിൽ കാണുന്നതുപോലെയുള്ള ഒരു അഴിമതിയും കണ്ടുപിടിച്ചിട്ടില്ല.
സിപിഎം കഴിഞ്ഞദിവസം പറഞ്ഞതുപോലുള്ള ഒരു കാര്യങ്ങളും അരിയൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നതല്ല. അവരുടെ നിയന്ത്രണത്തിലുള്ള മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിൽ 60 ലക്ഷം രൂപയോളം ഷെയറും നിക്ഷേപവുമായി ഒരു വർഷത്തേക്ക് നിക്ഷേപിച്ച സംഖ്യ പലിശ പോലും നൽകാൻ തയ്യാറാകാതെ ബാങ്കിനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പലിശയടക്കം ഇപ്പോൾ 70 ലക്ഷത്തോളം രൂപ മടക്കി നൽകുവാനുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി എം. മനോജ് കോളജ് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിനോട് നിരവധി തവണ ഈ തുക തിരിച്ചു നൽകുവാൻ ആവശ്യപ്പെട്ടിരുന്നതാണ്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആലനല്ലൂർ അർബൻ ക്രെഡിറ്റ് സൊസൈറ്റി, മണ്ണാർക്കാട് റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക്, കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി എന്നിവിടങ്ങളിൽ നടന്നിട്ടുള്ള അഴിമതികളുടെ കഥ പുറത്തു വരാതിരിക്കാൻ വേണ്ടി അരിയൂർ ബാങ്ക് പ്രതിസന്ധി സിപിഎം മനഃപൂർവം സൃഷ്ടിച്ചെടുത്തതാണെന്നും ഭരണസമിതി പ്രസിഡന്റ് പാറശേരി ഹസൻ, വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, മുൻ പ്രസിഡന്റ് ടി.എ. സിദ്ധിഖ്, ഡയറക്ടർ അബ്ദുൾ ഹമീദ്, അബ്ദുൾ അസീസ്, ഉമ്മർ മനച്ചിതൊടി എന്നിവർ പറഞ്ഞു.