കെഎസ്ഇബിക്കെതിരേ വിമർശനം ഉയർത്തുന്നവരുടെ ലക്ഷ്യം സ്വകാര്യവത്കരണമെന്നു മന്ത്രി
1485761
Tuesday, December 10, 2024 4:28 AM IST
ചിറ്റൂർ: കെഎസ്ഇബി ചിറ്റൂര്‍ 66 കെവി സബ്സ്റ്റേഷന് 110 കെവി ആയി നവീകരിച്ചതിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺ ലൈനിൽ നിർവഹിച്ചു. കെഎസ്ഇബിക്കെതിരേ ചില കോണുകളിൽനിന്ന് ഉയർന്നു വരുന്ന വിമർശനം പ്രവർത്തനമികവിന്റെ എല്ലാ അളവുകോലുകളിലും മികച്ച നിലവാരം പുലർത്തുന്ന ബോർഡിനെ സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കർഷകർക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകുന്നതിനോടൊപ്പം കെഎസ്ഇബിയെ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നാമ മാത്രമായ വർധനവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസംകൂടാതെ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് സബ്സ്റ്റേഷന് നവീകരണം നടത്തിയത്.
കെഎസ്ഇബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കെ. സുരേഷ്, കെ. നാരായണൻകുട്ടി, ആർ. ശശികുമാർ എൻജിനീയർ എ.ആർ. രാജശ്രീ, ട്രാൻസിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ്. ശിവദാസ് എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.