തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേട്ടം
1486338
Thursday, December 12, 2024 1:49 AM IST
പാലക്കാട്: ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. നേരത്തെയുണ്ടായിരുന്ന ചാലിശേരി പഞ്ചായത്തിലെ ഒൻപതാം വാർഡ് നിലനിർത്തിയതിനൊപ്പം തച്ചന്പാറ പഞ്ചായത്തിൽ നാലാം വാർഡ് സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്തതിന് പുറമെ പഞ്ചായത്ത് ഭരണവും പിടിച്ചെടുത്തു. കൊടുവായൂർ 13-ാം വാർഡ് സിപിഎം നിലനിർത്തി.
തച്ചന്പാറ പഞ്ചായത്ത് നാലാം വാർഡ് കോഴിയോട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർഥി അലി തേക്കത്ത് 28 വോട്ടുകൾക്കു എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ചാണ്ടി തുണ്ടുമണ്ണിലിനെ പരാജയപ്പെടുത്തി. സിപിഐ അംഗം ജോർജ് തച്ചമ്പാറ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അട്ടിമറി ജയത്തോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ യുഡിഎഫിനു എട്ടും എൽഡിഎഫിനു ഏഴും സീറ്റായി.
ഒരംഗം രാജിവെച്ചതിനെതുടർന്ന് 15 അംഗ ഭരണസമിതിയിൽ ഏഴുവീതം സീറ്റുകളാണുണ്ടായിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി കിട്ടിയതോടെ കോണ്ഗ്രസ് അംഗബലം എട്ടായി.
ചാലിശേരി ഒന്പതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കെ. സുജിത 104 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഇതോടെ തദ്ദേശ ഭരണം കൈവിടാതെ നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞു. കെ. സുജിതയ്ക്ക് 479 വോട്ടും എൽഡിഎഫിലെ സന്ധ്യ സുനിൽകുമാറിന് 375 വോട്ടും ബിജെപിയിലെ ഷിബിനയ്ക്ക് 98 വോട്ടും ലഭിച്ചു.
ആകെ 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫ് എട്ടും എൽഡിഎഫ് ഏഴും എന്ന നിലയിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അംഗത്വം രാജിവച്ചതിനെതുടർന്ന് ഇരു മുന്നണിക്കും ഏഴ് വീതം അംഗങ്ങളായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഡിഎഫിലെ വിജേഷ് കുട്ടനാണ് പ്രസിഡന്റ്. ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയതോടെ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്.
കൊടുവായൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്് സിപിഎം സിറ്റിംഗ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ എ. മുരളീധരൻ 108 വോട്ടുകൾക്ക് വിജയിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കെ.കെ. മണി (കുട്ടുമണി) യുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.