മൈലംപുള്ളി, പുളിയന്‍പള്ളി ഭാഗത്ത് കാട്ടാന ഭീതിവിതയ്ക്കുന്നു
1486143
Wednesday, December 11, 2024 6:43 AM IST
മൈലംപുള്ളി: മൈലംപുള്ളി, പുളിയന്‍പള്ളി ഭാഗത്ത് ഭീതിവിതച്ച് കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാൻ ജനജീവിതത്തിന് നാശം വിതക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും ഇറങ്ങുന്ന ഒറ്റയാൻ കഴിഞ്ഞദിവസം മൈലംപുള്ളി പള്ളിയുടെ മതിലിന്റെ ഒരുഭാഗം തകർത്തു. പള്ളിപറന്പിലും പരിസരങ്ങളിലും നാശംവരുത്തി.
പള്ളിയോട് ചേർന്നുള്ള ഹോളിഫാമിലി കോണ്‍വന്റ് പറന്പിൽ കയറിയ ആന അഞ്ചോളം തെങ്ങുകൾ കഴിഞ്ഞദിവസങ്ങളിൽ നശിപ്പിച്ചു. വാഴ ഉൾപ്പെടെയുള്ള മറ്റു കൃഷികൾക്കും ആന നാശം വരുത്തിയിട്ടുണ്ട്. പുളിയന്പള്ളിയിലുള്ള സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നിടത്ത് സ്ഥിരം ഇറങ്ങുന്ന ആന അവിടെനിന്നാണ് ജനവാസ മേഖലകളിലേക്ക് കടന്നുവരുന്നത്.
പുളിയന്പിള്ളിയിലുള്ള താത്കാലിക ഫോറസ്റ്റ് ഓഫീസിന്റെ പുറകിൽ കാട്ടിൽ ആന പകലും തന്പടിച്ചിരിക്കുന്നത് കാണാം. ഫോറസ്റ്റ് ഓഫീസിൽ പരാതിപ്പെടുന്പോൾ ഫെൻസിംഗ് വലിച്ച് പ്രശ്നം പരിഹരിക്കാം എന്നല്ലാതെ അവരുടെ ഭാഗത്തുനിന്നുംആനയെ തുരത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഒരു കാര്യവും നടക്കുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെട്ടു.