സെക്രട്ടറിമാർ വാഴാതെ കരിമ്പുഴ ഗ്രാമപഞ്ചായത്ത്; ആവശ്യത്തിനു ജീവനക്കാരുമില്ല
1486142
Wednesday, December 11, 2024 6:43 AM IST
ശ്രീകൃഷ്ണപുരം: സെക്രട്ടറിയോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതെ കരിമ്പുഴ ഗ്രാമപഞ്ചായത്ത് വീർപ്പുമുട്ടുന്നു. കഴിഞ്ഞ 8 മാസമായി പഞ്ചായത്തിൽ സെക്രട്ടറി ഇല്ല. അസിസ്റ്റന്റ് സെക്രട്ടറിക്കാണ് സെക്രട്ടറിയുടെ അധിക ചുമതല.
ഹെഡ്ക്ലർക്ക്, സീനിയർ ക്ലർക്ക് എന്നിവരുമില്ലാത്തതിനാൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, ഒറ്റപ്പാലം നിയോജക മണ്ഡലം കൺവീനർ ഇ.പി. ബഷീർ എന്നിവർ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ഏക ഗ്രാമപഞ്ചായത്താണ് കരിമ്പുഴ.
ബ്ലോക്ക് പരിധിയിൽ വിസ്തൃതിയിലും വാർഡുകളുടെ എണ്ണത്തിലും ഏറ്റവും വലിയ പഞ്ചായത്തും കരിമ്പുഴ തന്നെ.
പഞ്ചായത്തിൽ 18 വാർഡുകളാണ് ഉള്ളത്. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ്, ഹെഡ് ക്ലർക്ക്, മൂന്ന് യുഡി ക്ലർക്കുമാർ, രണ്ട് ക്ലർക്കുമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാർ പഞ്ചായത്തിന്റെ ദൈന്യംദിന ആവശ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞത് ആവശ്യമുണ്ട്. എന്നാൽ നിലവിൽ അഞ്ചു ജീവനക്കാർ മാത്രമാണുള്ളത്.
അസിസ്റ്റന്റ് സെക്രട്ടറി, നാല് ക്ലർക്കുമാർ മാത്രമാണ് പഞ്ചായത്തിൽ ഇപ്പോഴുള്ളത്. സേവനങ്ങൾ ലഭിക്കാതെ ജനങ്ങൾ നട്ടം തിരിയുന്ന അവസ്ഥയാനുള്ളത്. സേവനങ്ങൾക്കായി പല തവണ ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയുമുണ്ട്.
ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി പൂർത്തിയാക്കേണ്ട പല പദ്ധതികളും മതിയായ ജീവനക്കാരില്ലാത്തതിനാൽ വൈകുകയാണ്. ഗുണഭോക്തൃ പദ്ധതികളും പാതിവഴിയിലാണ്.
പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയതായി നേതാക്കൾ പറഞ്ഞു.