നന്നങ്ങാടികളും പ്രകൃതിമനോഹാരിതയും അടുത്തറിയാൻ പാലക്കുഴി മലയിലേക്കു കുട്ടികളുടെ യാത്ര
1486153
Wednesday, December 11, 2024 6:43 AM IST
വടക്കഞ്ചേരി: അധികദൂരത്തല്ലെങ്കിലും പാലക്കുഴിയുടെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചും ചരിത്ര ശേഷിപ്പുകളെക്കുറിച്ചും കുട്ടികൾ പലരിൽ നിന്നും കേട്ടിട്ടെയുള്ളു. നേരിട്ട് കണ്ടിട്ടില്ല.
എന്നാൽ മലകയറി കുട്ടികൾ പാലക്കുഴിയുടെ മുകളിലെത്തിയപ്പോൾ ആകാംക്ഷയും സംശയങ്ങളും കടന്ന് പിന്നെയത് കൗതുകങ്ങളുടെ നിമിഷങ്ങളായി. കിഴക്കഞ്ചേരി മമ്പാട് സിഎയുപി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ചരിത്ര സ്മാരകങ്ങൾ തേടി പാലക്കുഴിക്ക് യാത്ര സംഘടിപ്പിച്ചത്. ഏഴാം തരത്തിലെ സാമൂഹ്യശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നന്നങ്ങാടിയും മുനിയറയും കാണാനായിരുന്നു യാത്ര.
നൂറ്റാണ്ട് പഴക്കമുള്ള നന്നങ്ങാടിയും മുനിയറയുടേയും അവശിഷ്ടങ്ങൾ ഇന്നും മലമുകളിൽ കാണാനായത് കുട്ടികളിൽ വലിയ ആശ്ചര്യമായി. പാലക്കുഴിക്കുള്ള കുത്തനെയുള്ള മലകയറ്റം തന്നെ കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. കണിച്ചിപരുതയിൽ നിന്നും പാലക്കുഴിക്കുള്ള റോഡിന്റെ ഒരു വശം പീച്ചികാടാണ്.
ഇവിടെ സോളാർ ഫെൻസിംഗ് സ്ഥാപിച്ചാണ് വന്യമൃഗങ്ങളെ അകറ്റുന്നത്. ചരിത്ര അധ്യാപകൻ പ്രസാദ്, ഫോറസ്റ്റ് ഓഫീസർ കൃഷ്ണൻകുട്ടി എന്നിവർ ചരിത്ര സ്മാരകങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.