വെൺമേഘക്കുടചൂടി നിളാനദിയിലെ ആറ്റുവഞ്ചികൾ
1485755
Tuesday, December 10, 2024 4:28 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: നിളയിൽ ആറ്റുവഞ്ചികൾ പൂത്തുലഞ്ഞു. നിളയ്ക്ക് സമാന്തരമായി കണ്ണെത്താദൂരത്തോളം കാറ്റിലാടി നിൽക്കുകയാണ് ആറ്റുവഞ്ചിപൂക്കൾ. പുഴയുടെ മാറിടങ്ങളെ കീഴടക്കി മണൽപരപ്പുകളിൽ ആറ്റുവഞ്ചികൾ പൂത്തുനിൽക്കുന്നത് ഡിസംബറിന്റെ കാഴ്ചവട്ടമാണ്. ഡിസംബർ -ജനുവരി മാസങ്ങളിലാണ് ഇവ സമൃദ്ധമായി പൂത്തുലയുന്ന സമയം.
കാറ്റിലാടി ഉലയുന്ന ആറ്റുവഞ്ചിപൂക്കളിൽ നിന്ന് അനേകം വിത്തുകൾ പാറിപറക്കും. മണൽ വാരി അടിത്തട്ട് കണ്ട പുഴയുടെ മൺഭാഗങ്ങളിൽ ഇവ സമൃദ്ധിയായി മുളച്ചുപൊന്തും.
പത്തടിയോളം ഉയരത്തിലാണ് ഇവയുടെ വളർച്ച. പിന്നീടിവ ആറ്റുവഞ്ചിക്കാടുകളായി പരിണമിക്കും. കടുത്തവേനലിൽ വാടിത്തളർന്ന് കാഴ്ചയുടെ നിറം മങ്ങും. മഴ കിട്ടിയാൽ വളർച്ച വീണ്ടെടുക്കും. പിന്നെ പൂക്കളിടും.
മൂന്നാറിന്റെ മലമടക്കുകളിലെ നീലക്കുറിഞ്ഞി പോലെ ഇവിടെ നിളയുടെ മണൽ പരപ്പുകളിൽ ആറ്റുവഞ്ചി പൂത്തുലയുന്ന കാഴ്ച. മഞ്ഞ് വീഴുന്ന ഡിസംബർ പുലരികളിൽ ഇതിന് മറ്റൊരു വശ്യതയാണ്. അസ്തമന നേരം സുവർണ നിറം പരക്കുന്ന കാഴ്ച.
ആറ്റുവഞ്ചികൾ പൂത്ത് നിൽക്കുന്ന നിളാതട കാഴ്ചകൾ മനോഹരമായി തോന്നാമെങ്കിലും പാരിസ്ഥിതികമായി പുഴയുടെ നാശമാണ് ഇത് പ്രകടിപ്പിക്കുന്നത്.
മനുഷ്യന്റെ ആർത്തിപൂണ്ട കൈകടത്തലിൽ ആസന്നമൃത്യുവിനിരയാവേണ്ടിവരുന്ന പുഴയുടെ ദൈന്യഭാവവും സങ്കടവുമാണ് ആറ്റുവഞ്ചി പൂക്കളിൽ നിറയുന്നതെന്ന് പരിസ്ഥിതി ഗവേഷകരും മറ്റും മുന്നറിയിപ്പ് നൽകുന്നു. പുഴ നൽകുന്ന മഹാനാശത്തിന്റെ മുന്നറിയിപ്പാണിത്.
നിളയിലെ ആറ്റുവഞ്ചി കാഴ്ചകൾ മലയാളത്തിലെ പല കവി ഹൃദയങ്ങളെയും, പാട്ടെഴുത്തുകാരെയും സംവിധായകരെയും അഭ്രപാളിയെയും സ്വാധീനിച്ചിട്ടുണ്ട്.
ആറ്റുവഞ്ചികൾ പൂത്തുനിൽക്കുന്ന നിളാതീരത്തേക്ക് വരാൻ ഇഷ്ടമാണെന്ന് പറഞ്ഞ് മഞ്ജു വാര്യർ അടക്കം പല പ്രശസ്തരും ഈ നിളകാഴ്ചകളെ പുകഴ്ത്തിയിട്ടുണ്ട്.
സുന്ദരമായ വരികളാൽ ഒഎൻവിയും നിളയിലെ ആറ്റുവഞ്ചി പൂക്കളെകുറിച്ച് എഴുതിയിട്ടു. ആറ്റുവഞ്ചികൾ നിളയ്ക്ക് ചന്തം നിറയ്ക്കുന്ന കാഴ്ചയാണെങ്കിലും ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ദോഷങ്ങൾ പലതാണ്.