വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക് പൊന്നിനെക്കാൾ തിളക്കം
1486151
Wednesday, December 11, 2024 6:43 AM IST
വണ്ടിത്താവളം: റോഡിൽ കിടന്ന സ്വർണമാല എടുത്ത് പോലീസിനു കൈമാറി നന്ദിയോട് ഹൈസ്കൂളിലെ അഞ്ചു വിദ്യാർഥികൾ നാട്ടുകാരുടെ പൊൻതാരങ്ങളായി. ഏഴാംതരത്തിൻ പഠിക്കുന്ന എൻ.ജെ. നയന, എം. നവീൻ, എ.എസ്. ഗണിത്, എൻ.എസ്. അജ്മൽ, എസ്. സുധീൻ എന്നിവരാണ് റോഡിൽനിന്നും കിട്ടിയ സ്വർണമാല പോലീസിനു കൈമാറിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. മാലയുടെ ലോക്കറ്റിൽ 916 എന്ന് എഴുതിയത് തിരിച്ചറിഞ്ഞതോടെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി. വിദ്യാർഥികൾ അടുത്തു തന്നെയുള്ള ഒരു തട്ടുകടയിലുണ്ടായിരുന്ന സ്ത്രീവ്യാപാരിയിൽ നിന്നും മൊബൈൽ വാങ്ങിച്ച് 100 ൽ വിളിച്ചു സ്വർണച്ചെയിൻ ലഭിച്ച വിവരം പറഞ്ഞു. ഉടൻതന്നെ വിവരം അധികൃതർ മീനാക്ഷിപുരം പോലീസിനു കൈമാറി.
ഇന്നലെ രാവിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ ശശിധരന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്കൂളിലെത്തി വിദ്യാർഥികളിൽ നിന്നും മാല കൈപ്പറ്റുകയും ബാലമനസുകളിലെ സാമൂഹ്യ പ്രതിബദ്ധതയെ വാഴ്ത്തുകയും ചെയ്തു. അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാഥികളെ അനുമോദിച്ചു.