ഇടവേളയ്ക്കുശേഷം പനംകുറ്റിയിൽ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1486154
Wednesday, December 11, 2024 6:43 AM IST
വടക്കഞ്ചേരി: സ്ഥിരം ശല്യക്കാരനായ കാട്ടുപന്നിക്കുനേരെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ ഇടവേളക്കുശേഷം വീണ്ടും വെടിപൊട്ടി. എടത്തിക്കുടി റെജിയുടെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചിരുന്ന ആൺ പന്നിക്കു നേരെയാണ് പട്ടയംപാടം പുതുശേരി ബെന്നി പോൾ വെടിയുതിർത്തത്. സ്ഥിരമായി പന്നിക്കൂട്ടങ്ങൾ ഇറങ്ങുന്ന കൃഷിയിടങ്ങളാണ് ഇവിടെ. ഏറെനേരം ഒളിച്ചിരുന്ന് നടത്തിയ ദൗത്യത്തിനൊടുവിലാണ് പന്നി കുടുങ്ങിയത്. പഞ്ചായത്ത് മെംബറും പാനൽ കൺവീനറുമായ പോപ്പി ജോൺ തുടങ്ങിയവരുടെ സഹായത്തോടെയാണ് ബെന്നി പോൾ ഈ സേവനം തുടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് കിഴക്കഞ്ചേരി പഞ്ചായത്തിൽ പാനൽ രൂപീകരിച്ച് സ്ഥിരം ശല്യക്കാരാകുന്ന പന്നികളെ കൊല്ലാൻ നടപടി ആരംഭിച്ചത്. സ്ഥിരമായി കാട്ടുപന്നി ശല്യമുള്ള സ്ഥലത്തെ കർഷകർ ബെന്നി പോളിനെയോ അതാത് വാർഡ് മെംബറെയോ കൺവീനറെയോ അറിയിച്ചാൽ സ്ഥലത്തെത്തി പന്നിയെ വെടിവച്ച് കൊല്ലും. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് നശിപ്പിക്കുന്നത് മൂന്ന് വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിലും പിന്നീടത് നിലക്കുകയായിരുന്നു. വെടിവച്ച് കൊല്ലുന്നതിലെ മാനദണ്ഡങ്ങളും പണചെലവുമാണ് ദൗത്യം പുറകോട്ടടിച്ചത്. ഷൂട്ടർ ബെന്നി പോൾ ഫോൺ - 9744793215, കൺവീനർ പോപ്പി ജോൺ 9447620137.