തേനീച്ച ആക്രമണത്തിൽ അവശനായ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
1461575
Wednesday, October 16, 2024 6:47 AM IST
ചിറ്റൂർ: അമ്പാട്ടുപാളയത്ത് തേനീച്ചക്കൂട്ട ആക്രമണത്തിൽ സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചുവരുന്നു. കറുകമണി വൈഷ്ണവ് നിവാസിൽ അനിൽകുമാ (47) റിനെയാണ് തേനീച്ച ആക്രമിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്പതിന് കറുകമണിയിൽ വെച്ചാണ് സംഭവം. മുഹമ്മദ് മൂസ എന്നയാളുടെ വീട്ടുമുറ്റത്തുള്ള മരത്തിലാണ് തേനീച്ചക്കൂട് ഉണ്ടായിരുന്നത്. പരുന്ത് കൂട്ടിൽ കൊത്തിയതോടാണ് തേനീച്ചകൾ പരാക്രമം തുടങ്ങിയത്.
ഈ സമയത്താണ് അനിൽകുമാറിനെ കൂട്ടമായി വളഞ്ഞുകുത്തിയത്. അസഹനീയമായ വേദനകാരണം രക്ഷപ്പെടാൻ കഴിയാതെ അനിൽകുമാർ സമീപത്തെ ഷിജുവിന്റെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയാണുണ്ടായത്. ഈച്ചകൾ റോഡിൽ വ്യാപകമായി പറന്നതിനാൽ സഹായത്തിന് മറ്റുള്ളവർക്ക് എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഷിജു തീപ്പന്തമുണ്ടാക്കി ഈച്ചകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇതോടെ ഫയർഫോഴ്സിനു വിവരം നൽകി. അഗ്നിരക്ഷാസേന ഡീസൽ പ്രയോഗിച്ച് ഈച്ചകളെ ഓടിച്ചശേഷമാണ് അനിൽകുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സജിത്ത്മോൻ, എഫ് ആർ ഒ മാരായ എം. ഇസ്മയിൽ, എം. സന്തോഷ്കുമാർ, വി. കൃഷ്ണദാസ്, യു. ജിനീഷ് എന്നിവരടങ്ങിയ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.