അട്ടപ്പാടിയിലെ ഭൂമിപ്രശ്നം ചർച്ചചെയ്ത് കർഷകസംഗമം
1461566
Wednesday, October 16, 2024 6:47 AM IST
അഗളി: വനംവകുപ്പുമായി തർക്കത്തിലുള്ള ഭൂമിപ്രശ്നം പരിഹരിക്കുന്നതിനായി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11ന് അഗളി ഫാത്തിമമാതാപള്ളിയുടെ മില്ലേനിയംഹാളിൽ കർഷകർ സംഗമിച്ചു.
1996 ഡിസംബർ 12ന് മുൻപ് കൈവശഭൂമിയിൽ കൃഷിയോ കച്ചവടമോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളോ നടത്തിയിരുന്നതായി ഏതെങ്കിലും സർക്കാർവകുപ്പുകളുടെ രേഖകൾപ്രകാരം തെളിയിക്കാൻ കഴിഞ്ഞാൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ നിന്നും തടസങ്ങളിൽനിന്നും ഈഭൂമി ഒഴിവാക്കാൻ സാധ്യമാകും. ഇത്തരം ഭൂമികൾ കണ്ടെത്തുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒക്ടോബർ 24നു മുമ്പ് പരിശോധന പൂർത്തിയാക്കി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ സമിതി നിഷ്ക്രിയത്വംപാലിച്ച സാഹചര്യത്തിലാണ് കർഷക കൂട്ടായ്മ സഹായഹസ്തവുമായി രംഗത്തെത്തിയത്.
ഇന്നലെ ഗൂളിക്കടവ് മില്ലേനിയം ഹാളിൽ നടന്ന യോഗം മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ മാണി പറമ്പേട്ട് അധ്യക്ഷത വഹിച്ചു. കിസാൻ മസ്ദൂർ മോർച്ച സംസ്ഥാന പ്രസിഡന്റ് പി.ടി. ജോൺ മുഖ്യപ്രഭാഷണം നടത്തി. കാരയ്ക്കൽ ജയൻ, സന്തോഷ് വൈദ്യർ എന്നിവർ നേതൃത്വം നൽകി.
ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് കർഷകർ സമർപ്പിക്കുന്നതിനായി ഉള്ള ആപ്ലിക്കേഷൻ ഫോമുകൾ യോഗത്തിൽ വിതരണം ചെയ്തു. 77 കർഷകരാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്.