വ്യാപക റെയ്ഡുമായി ജില്ലാ പോലീസ്
1461553
Wednesday, October 16, 2024 6:47 AM IST
കോയമ്പത്തൂർ: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ കടുത്ത നടപടികളുമായി ജില്ലാ പോലീസ്. നാന്നൂറോളം പോലീസുകാർ 86 പ്രത്യേക സംഘങ്ങളായാണ് മിന്നൽ റെയ്ഡ് നടത്തിയത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലുമായി കഴിഞ്ഞ 15 വർഷത്തിനിടെ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട ഏകദേശം 2,000 മുൻ കുറ്റവാളികളെ ടാസ്ക് ഫോഴ്സ് നിരീക്ഷിച്ചു. ഇവരുടെ വീടുകളും നിരീക്ഷണത്തിലായിരുന്നു.
22 കഞ്ചാവുകേസ് കുറ്റവാളികൾക്കെതിരേ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28.5 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. അനധികൃത മദ്യവിൽപ്പനയ്ക്ക് 84 വ്യക്തികൾക്കെതിരേ 83 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരോധിത പുകയില ഉൽപന്നങ്ങൾ അനധികൃതമായി വിറ്റതിന് 38 പേർക്കെതിരെ 38 കേസുകളും അനധികൃത ലോട്ടറി വില്പന നടത്തിയതിന് 46 പേർക്കെതിരെ 46 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18 പിടികിട്ടാപ്പുള്ളികളും റെയ്ഡിനിടെ പിടിയിലായതായി അധികൃതർ അറിയിച്ചു.