അഞ്ചുമൂർത്തിമംഗലം ബസപകടത്തിനു രണ്ടുവയസ്; സുരക്ഷാനടപടികൾ പ്രഖ്യാപനങ്ങളിൽമാത്രം
1459745
Tuesday, October 8, 2024 7:51 AM IST
വടക്കഞ്ചേരി: പാതിരാത്രിയിൽ വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ടുപോയ ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം ബസപകടത്തിന് രണ്ടുവർഷം പിന്നിടുമ്പോഴും റോഡ് സുരക്ഷ ഇന്നും പ്രഖ്യാപനങ്ങളിൽ മാത്രം. 2022 ഒക്ടോബർ അഞ്ചിന് അർധരാത്രിയായിരുന്നു കേരളമാകെ ഞെട്ടിത്തരിച്ച ബസപകടമുണ്ടായത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽനിന്നും കുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോയിരുന്ന കെഎസ്ആർടിസി ബസിനു പി റകിൽ ഇടിച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ടൂറിസ്റ്റ് ബസിലെ അധ്യാപകനും അഞ്ചു വിദ്യാർഥികളും കെഎസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. കൊട്ടാരക്കരയിൽനിന്നു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസിന്റെ പിറകിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ച് പാതയോരത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് മറിഞ്ഞത്. അപകടത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിലെ വളവും ചാറ്റൽമഴയും വെളിച്ചക്കുറവും കെഎസ്ആർടിസി ബസിന്റെ വേഗതക്കുറവുമെല്ലാം അപകടത്തിന് കാരണമായതായി കണ്ടെത്തിയിരുന്നു.
അപകടത്തിനു തൊട്ടുമുമ്പ് യാത്രക്കാരനെ ഇറക്കാൻ നിർത്തിയ കെഎസ്ആർടിസി ബസ് വേഗം കുറച്ച് ഓടിയതും ദുരന്തത്തിന്റെ ആഘാതംകൂട്ടി. അപകടം ഉണ്ടാകുമ്പോൾ ഒരേദിശയിൽ പോയിരുന്ന കെഎസ്ആർടിസി ബസിന്റെ വേഗത മണിക്കൂറിൽ പത്തു കിലോമീറ്റർ താഴെയും ടൂറിസ്റ്റ് ബസിന്റേത് 97.7 കിലോമീറ്ററുമായിരുന്നെന്നായിരുന്നു കണ്ടെത്തൽ. കേരളത്തിലെയാകെ ഞെട്ടിച്ച വൻദുരന്തം രണ്ടുവർഷം പിന്നീടുമ്പോഴും സുരക്ഷാപരിശോധനകളെല്ലാം പേരിനുമാത്രമായി ചുരുങ്ങി.
ദേശീയപാതയിൽ സർവീസ് ബസുകൾക്ക് നിർത്തുന്നതിന് ബസ്ബേ ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്. അപകടമുണ്ടായ കൊല്ലത്തറ സ്റ്റോപ്പിനു മുമ്പുള്ള സ്റ്റോപ്പിൽ ഇത്തരം ബസ്ബേ ഇല്ലാത്തതിനാൽ യാത്രക്കാരുടെ മരണങ്ങൾ ഉൾപ്പെടെ നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
ബസുകൾ യാത്രക്കാരെ ഇറക്കാനും കയറ്റാനും നിർത്തുന്നത് ദേശീയപാതയിൽതന്നെയാണ്. ഇതിനാൽ പിറകിൽനിന്നും വേഗതയിൽ വരുന്ന വാഹനങ്ങളുടെ കൂട്ടിയിടിക്ക് ഇതു വഴിവയ്ക്കുകയാണ്.