സെക്രട്ടറിമാർ വാഴാതെ കരിമ്പുഴ പഞ്ചായത്ത്; ആവശ്യത്തിനു ജീവനക്കാരുമില്ല
1459557
Monday, October 7, 2024 7:30 AM IST
ശ്രീകൃഷ്ണപുരം: സെക്രട്ടറിയോ ആവശ്യത്തിനു ജീവനക്കാരോ ഇല്ലാതെ കരിമ്പുഴ ഗ്രാമ പഞ്ചായത്ത് വീർപ്പുമുട്ടുന്നു. കഴിഞ്ഞ എട്ടുമാസമായി പഞ്ചായത്തിൽ സെക്രട്ടറിയില്ല.
അസിസ്റ്റന്റ് സെക്രട്ടറിക്കാണ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരുന്നത്. അസിസ്റ്റന്റ് സെക്രട്ടറികൂടി അവധിയിൽ പ്രവേശിച്ചതോടെ പഞ്ചായത്ത് നാഥനില്ലാകളരിയായി. യുഡിഎഫ് ഭരിക്കുന്ന ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ഏക ഗ്രാമ പഞ്ചായത്താണ് കരിമ്പുഴ. ബ്ലോക്ക്പരിധിയിൽ വിസ്തൃതിയാലും വാർഡുകളുടെ എണ്ണത്തിലും ഏറ്റവുംവലിയ പഞ്ചായത്തും കരിമ്പുഴ തന്നെ. പഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്.
സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ്, ഹെഡ് ക്ലാർക്ക്, മൂന്ന് യുഡി ക്ലാർക്കുമാർ, രണ്ടു ക്ലാർക്കുമാർ ഉൾപ്പെടെ ഒന്പതു ജീവനക്കാർ പഞ്ചായത്തിന്റെ ദൈനം ദിന ആവശ്യങ്ങൾക്കു ഏറ്റവുംകുറഞ്ഞത് ആവശ്യമുണ്ട്.
എന്നാൽ നിലവിൽ അഞ്ചു ജീവനക്കാർ മാത്രമാണുള്ളത്. കടമ്പഴിപ്പുറം സെക്രട്ടറിക്കാണ് കരിമ്പുഴയുടെ ചുമതല. ഒരു തവണ ചുമതല ഏറ്റെടുക്കാൻ വന്നതല്ലാതെ പിന്നീട് പഞ്ചായത്തിലെത്തിയിട്ടില്ല.
അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലർക്ക് എന്നിവർ അവധിയിലാണ്. നികുതി പിരിവ്, അപേക്ഷ സ്വീകരിക്കൽ എന്നിവയല്ലാതെ ഒന്നും പഞ്ചായത്തിൽ നടക്കുന്നില്ല.
സേവനങ്ങൾ ലഭിക്കാതെ ജനങ്ങൾ നട്ടം തിരിയുന്ന അവസ്ഥയാനുള്ളത്. സേവനങ്ങൾക്കായി പല തവണ ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയുമുണ്ട്. തൊഴിലുറപ്പു തൊഴിലാളികൾക്കു കൂലിനൽക്കാൻ കഴിയാത്ത സാഹചര്യമാണ്.
ഗ്രാമ പഞ്ചായത്തിൽ അടിയന്തിരമായി പൂർത്തിയാക്കേണ്ട പല പദ്ധതികളും മതിയായ ജീവനക്കാരില്ലാത്തതിനാൽ വൈകുന്നതായി പ്രസിഡന്റ് കെ.എം. ഹനീഫ പറഞ്ഞു.
പല പദ്ധതികളും പാതി വഴിയിലാണ്. തത്സ്ഥിതി തുടർന്നാൽ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിനുമുന്നിൽ ഭരണസമിതി സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് പ്രസിഡന്റ് പറഞ്ഞു.