മണ്ണാർക്കാട് സ്കിൽ പാർക്ക് സ്ഥാപിക്കണം
1459360
Sunday, October 6, 2024 7:21 AM IST
മണ്ണാർക്കാട്: അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനമുള്ളവരുമായ യുവാക്കളെ നൂതന തൊഴിൽ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ സ്കിൽ പാർക്ക് സ്ഥാപിക്കണമെന്ന് കോട്ടോപ്പാടം ഗൈഡൻസ് ആൻഡ് അസിസ്റ്റൻസ് ടീം ഫോർ എംപവറിംഗ് സൊസൈറ്റി(ഗേറ്റ്സ്) സംഘടിപ്പിച്ച കമ്യൂണിറ്റി മീറ്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയകാല തൊഴിലധിഷ്ഠിത കോഴ്സുകളും വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ മികച്ച പരിശീലനവും നൽകുന്നതിലൂടെ യുവജനങ്ങളുടെ നൈപുണ്യ വികസനവും ജോലി സാധ്യതകളും ഉറപ്പാക്കാൻ കഴിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റി മീറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ഗേറ്റ്സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. വിദ്യാഭ്യാസം, തൊഴിൽ, കലാ-സാംസ്കാരികം, ആരോഗ്യ ശുചിത്വപരിപാലനം, സാമൂഹ്യക്ഷേമം, സ്ത്രീ ശാക്തീകരണം, ജീവകാരുണ്യം എന്നീ മേഖലകളിൽ ത്രിവത്സര കർമപദ്ധതി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ആദ്യപടിയായി പബ്ലിക് ലൈബ്രറി പ്രവർത്തനമാരംഭിക്കും.