നാലുവയസുകാരന് അപൂർവരോഗം; ചികിത്സയ്ക്കാവശ്യം 24 കോടി രൂപ
1459156
Saturday, October 5, 2024 8:02 AM IST
മുതലമട: മുതലമട മൂച്ചംകുണ്ടിൽ പുളിയങ്കണ്ടി സ്വദേശികളായ വിജയ്- രമ്യ ദമ്പതികളുടെ മകൻ നാലുവയസുകാരൻ ഉദയധീരൻ അപൂർവരോഗം ബാധിച്ച് ചികിൽസയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു.
ഡുചെൻ മസ്കുലാർ ഡിസ്ട്രോഫിയെന്ന അപൂർവയിനം ജനിതക രോഗമാണു ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ ചികിത്സക്കും മരുന്നിനും വേണ്ടത് 24 കോടി രൂപയാണ്.
ഒരുവർഷംമുമ്പാണു രോഗം തിരിച്ചറിഞ്ഞത്. വേലാന്താവളം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് ഡോക്ടർമാർ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു നിർദേശിച്ചു. വിദഗ്ധ പരിശോധനയിലാണ് ഡിഎംഡിയാണെന്നു തിരിച്ചറിഞ്ഞത്.
കുട്ടിയ്ക്കു വിദേശത്തെ വിദഗ്ധ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചത്. കർഷക ദമ്പതികൾ ചികിത്സിക്കാനായി വിദേശത്തേക്കു കൊണ്ടുപോയി.
ദുബായിലെ മെഡികെയർ ആശുപത്രിയിലെ വിദഗ്ധഡോക്ടർമാരുടെ സംഘമാണു കുട്ടിയുടെ ചികിത്സ നടത്തിവരുന്നത്. 24 കോടി എന്ന ഭീമമായ തുക സമാഹരിച്ചാൽമാത്രമേ ഇനി ചികിത്സ തുടരാനാകൂ.
ആറുമാസത്തിനകംതന്നെ ചികിത്സിക്കുകയുംവേണം. ചികിത്സിക്കാവശ്യമായ തുക കണ്ടെത്താനായി എംഎൽഎ കെ. ബാബുവിന്റെ അധ്യക്ഷതയിൽ യോഗംചേർന്ന് മന്ത്രിമാരും എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
ഫെഡറൽബാങ്ക് മുതലമട ശാഖയിൽ കുട്ടിയുടെ പിതാവ് വിജയ്, പഞ്ചായത്തംഗം ആർ. അലൈരാജ്, മാധ്യമപ്രവർത്തകൻ എ. സാദിഖ് എന്നിവരുൾപ്പെടുന്ന അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
Account No:10860100208128, IFSC:FDRL0001086, ഗൂഗിൽപേ നമ്പർ: 8891767327.