കുളിക്കാനിറങ്ങിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു
1457895
Monday, September 30, 2024 11:33 PM IST
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിൽ മിനി ജലവൈദ്യുത പദ്ധതിക്കായി പവർഹൗസിന്റെ നിർമാണം നടക്കുന്നതിനു സമീപത്തെ കാട്ടുചോലയിലെ കയത്തിൽ കുളിക്കാനിറങ്ങിയ ആറംഗ യുവാക്കളുടെ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. മൂലങ്കോട് കാരപ്പാടം പാറക്കടവ് പരേതനായ കിട്ടുണ്ണിയുടെ മകൻ മനോജാ(38)ണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെയാണ് ആറംഗസംഘം ഒറ്റപ്പെട്ട പ്രദേശമായ കാട്ടിലെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയത്. കുളി കഴിഞ്ഞ് മറ്റുള്ളവർ കയറി.
ഇതിനിടെയാണ് മനോജിനെ കാണാനില്ലെന്ന് അറിയുന്നത്. സ്ഥലത്ത് തെരച്ചിൽ നടത്തി കാണാതായപ്പോൾ നാട്ടുകാരുടെ സഹായം തേടി. നാട്ടുകാർ വടക്കഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ച് ഫയർഫോഴ്സും നാട്ടുകാരും മൂന്നു മണിക്കൂറോളം തെരച്ചിൽ നടത്തി.
രാത്രി ഒമ്പതോടെയാണ് മൃതദേഹം കയത്തിൽ നിന്ന് കണ്ടെടുത്തത്. വലിയ ആഴമില്ലാത്ത കുഴിയാണെങ്കിലും നല്ല വഴുക്കലുള്ള പാറക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. പ്രദേശത്തെ അപകടസ്ഥിതിയെക്കുറിച്ച് അറിയാത്തവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. ഗൾഫിലായിരുന്ന മനോജ് കുറച്ചുകാലമായി നാട്ടിലുണ്ട്. അവിവാഹിതനാണ്.
അമ്മ: മാധവി. വടക്കഞ്ചേരി, മംഗലംഡാം എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.