പോത്തുച്ചാടിയിൽ കാട്ടാനകൾ വ്യാപകമായി വിളകൾ നശിപ്പിച്ചു
1453938
Wednesday, September 18, 2024 1:27 AM IST
വടക്കഞ്ചേരി: പനംകുറ്റി മലയോരപാതയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം പോത്തുച്ചാടിയിൽ കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം. തോട്ടങ്ങളിലിറങ്ങി വിളകളെല്ലാം നശിപ്പിച്ചു. നെല്ലിക്കൽ ബേബി, നെല്ലിക്കൽ ഫ്രാൻസിസ് എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടാക്കിയിട്ടുള്ളത്. എട്ട് തെങ്ങ്, കവുങ്ങുകൾ, വാഴകൾ തുടങ്ങിയ വിളകളാണ് നശിപ്പിച്ചിട്ടുള്ളത്. തെങ്ങ് മറിച്ചിട്ട് പോസ്റ്റും വൈദ്യുതി ലൈനും താറുമാറായി.
നാല് ദിവസമായി തുടർച്ചയായി തോട്ടങ്ങളിൽ ആന എത്തുന്നുണ്ട്. വനംവകുപ്പിനെ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. വനാതിർത്തിയിലെ സോളാർവേലി തകർന്ന് കിടക്കുന്നതാണ് ആനശല്യത്തിന് കാരണമാകുന്നത്. ആനകളെ തുരത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.