ഓണാഘോഷങ്ങൾക്കിടെ അപൂർവ ആദരവുമായി വ്യാപാരിവ്യവസായി ഏകോപനസമിതി
1453132
Saturday, September 14, 2024 1:43 AM IST
വടക്കഞ്ചേരി: ഓണാഘോഷങ്ങൾക്കിടെ ഒരു അപൂർവ ആദരം. 104 വയസുള്ള "വെരി സീനിയർ മോസ്റ്റ്' വ്യാപാരിയെ ആദരിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് മുതിർന്ന വ്യാപാരികളെ ആദരിക്കൽ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
70 വയസിനു മുകളിൽ പ്രായമുള്ള വ്യാപാരികൾക്ക് ഓണക്കോടി നൽകി ആദരിക്കുന്നതായിരുന്നു ചടങ്ങ്.
പ്രസിഡന്റ് കെ.എം. ജലീൽ, ജനറൽ സെക്രട്ടറി സിജു ദാമോദരൻ, ട്രഷറർ സി.എസ്. സിദ്ദിഖ്, മുൻ ട്രഷറർ വി.ആർ. രാമസ്വാമി, സന്തോഷ് തുടങ്ങിയവർ കടയിലെത്തിയാണ് അബ്ദുൾ അസീസിനെ ആദരിച്ചത്. വടക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴങ്ങൾ ഉൾപ്പെടെയുള്ള കടയുടെ നടത്തിപ്പുകാരനാണ് 104 വയസുള്ള അബ്ദുൾ അസീസ്. വീടിനോടുചേർന്നുള്ള കട സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറി, പഴം തുടങ്ങിയവയുടെ സൂപ്പർ മാർക്കറ്റാണ്.
വാഴപ്പഴങ്ങളുടെ മൊത്തവില്പനയുണ്ട്. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണിത്തിരക്കുകൾക്ക് ശമനമാകണമെങ്കിൽ രാത്രി ഏറെ വൈകണം. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാര സമയത്തു മാത്രമാണ് കടയിൽ നിന്നും മാറി നിൽക്കുക.
പ്രായം ഉയർന്നുപോകുന്നുണ്ടെങ്കിലും വാപ്പയ്ക്ക് അസുഖങ്ങളോ ഓർമക്കുറവുകളോ ഇല്ലെന്ന് കടയിലുള്ള മകൻ കാസിം പറയുന്നു. ആശുപത്രി വീടിനു മുന്നിൽ തന്നെയാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും അബ്ദുൾ അസീസിന് ചെറുപ്പം മുതലേ ഇല്ല. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ കടയിൽ വരും. ക്ഷേമാന്വേഷണങ്ങൾ നടത്തും.
ഇത്തരം സ്ഥാപനങ്ങളുമായി അത്ര ബന്ധം മതിയെന്നാണ് ആശുപത്രിയെക്കുറിച്ച് അബ്ദുൾ അസീസിന്റെ കമന്റ്. എട്ട് വർഷം മുമ്പാണ് ഭാര്യ സബൂറ മരിച്ചത്. കാസിം ഉൾപ്പെടെ മൂന്നു മക്കളുണ്ട്.