നിലവാരമില്ലാത്ത പപ്പടം വിപണിയിൽ; പാരമ്പര്യ പപ്പടനിർമാതാക്കൾ ദുരിതത്തിൽ
1451196
Saturday, September 7, 2024 12:18 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തിയതോടെ ഓണസദ്യയിലെ പ്രധാനിയായ പപ്പടത്തിന്റെ നിർമാണം സജീവമായി. നല്ല വെയിലിനിടക്ക് കടന്നുവരുന്ന മഴയാണ് പപ്പട നിർമാതാക്കളെ വലയ്ക്കുന്നത്. വെയിൽ കാണുന്ന സമയം നോക്കി പപ്പടം ഉണക്കിയെടുക്കണം. ചാക്ക് വിരിച്ച് അതിലാണ് അഞ്ഞൂറും ആയിരവും പപ്പടം നിരത്തി ഉണക്കിയെടുക്കുക.
ഇക്കുറി ഓണാഘോഷത്തിന് പകിട്ട് കുറവുണ്ടെങ്കിലും പപ്പടമില്ലാത്ത ഓണസദ്യ മലയാളിക്ക് ചിന്തിക്കാനാവില്ല. ചെറിയ പപ്പടം, വലിയ പപ്പടം അങ്ങനെ പല വലുപ്പത്തിലും പേരുകളിലുമുണ്ട്. പഴയ കാല തറവാടുകളിൽ അത്തം മുതൽ കെട്ടുകണക്കിന് പപ്പടമാണ് വാങ്ങിക്കൂട്ടുക.
നാടൻ വെളിച്ചെണ്ണയിൽ പപ്പടം വറുത്താൽ മണം ഏറെദൂരം പറന്നുപോകുമെന്ന് പഴമക്കാർ പറയുന്നു. കുറഞ്ഞ വിലക്ക് ഗുണമേന്മയില്ലാത്ത പപ്പടം വിപണിയിലെത്തുന്നത് കുലത്തൊഴിലായിട്ടുള്ള പപ്പട നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ഉയർന്ന വിലക്ക് ഉഴുന്നുമാവ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി നല്ല പപ്പടം ഉണ്ടാക്കി കടയിലെത്തിച്ചാൽ മത്സരിക്കേണ്ടി വരുന്നത് ഗുണമേന്മയില്ലാത്ത പപ്പടവുമായാണെന്ന് പപ്പട നിർമാണം കുലത്തൊഴിലായി ചെയ്തുവരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ പപ്പട നിർമാതാക്കൾ പറയുന്നു. കാഴ്ചയിൽ പപ്പടമെല്ലാം ഒരു പോലെയാണെങ്കിലും ഗുണത്തിൽ വലിയ അന്തരമുണ്ട്.
ആവിപാറുന്ന വെളിച്ചെണ്ണയിലിട്ടാലും പപ്പടം യാതൊരു വികാരവുമില്ലാതെ കിടക്കും. കൃത്രിമ കൂട്ടുകൾ കൊണ്ട് ഉണ്ടാക്കുന്ന പപ്പടമാണത്. ഇത്തരം പപ്പടം രോഗങ്ങൾക്കും വഴിവെക്കും. ഗുണമേന്മ പരിശോധിച്ച് മനുഷ്യന് ഹാനികരമാകുന്ന ഭക്ഷ്യസാധനങ്ങൾ കണ്ടെത്തി നിരോധിക്കാൻ സംവിധാനമില്ലാത്തതിനാൽ വ്യാജ പപ്പടവുമായി മത്സരിക്കേണ്ടി വരുന്നെന്ന് സംഘടനാ ഭാരവാഹിയായ കൈക്കോള തറയിലെ കൃഷ്ണൻ പറഞ്ഞു. ഉണ്ടാക്കുന്നതിനുള്ള സാധനങ്ങൾക്കെല്ലാം വലിയ വിലവർധനവാണിപ്പോൾ. എന്നാൽ പപ്പട വിലയിൽ വലിയ മാറ്റങ്ങളില്ല.
ഉഴുന്ന്മാവ്, കപ്പപ്പൊടി, അരിപ്പൊടി, ജീരകം, ഉപ്പിനു വരെ വില കൂടി. പപ്പട നിർമാണ ചെലവ് കൂടിയതോടെ മൈദമാവ് ചേർത്ത പപ്പടവും ഇപ്പോൾ വിപണിയിൽ സുലഭമാണ്. മെഷീൻ പപ്പടവും വിപണി കൈയടക്കുന്നുണ്ട്. പപ്പടതറകളിൽ നിന്നും വിലകുറവിൽ പപ്പടം വാങ്ങി ഉയർന്ന വിലക്ക് വിറ്റ് ലാഭം കൊയ്യുന്നതിൽ കച്ചവടക്കാരും പുറകിലല്ല.
പപ്പട നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ ഇന്നും പപ്പടം കൈകൊണ്ട് പരത്തി യെടുത്താണ് ഉണ്ടാക്കുന്നത്. തൊഴിലിൽ കൃത്രിമംകാട്ടി ആളുകളെ പറ്റിക്കാനൊന്നും ഇവർ തയാറല്ല.
കൈക്കോളതറക്കു പുറമെ കാവശേരി വേപ്പിലശേരി, ഒലവക്കോട് ആണ്ടിമഠം, കൊടുവായൂർ, കുനിശേരി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും പാരമ്പര്യമായി പപ്പടം നിർമിക്കുന്ന കുടുംബങ്ങളുണ്ട്.