സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1451184
Friday, September 6, 2024 11:14 PM IST
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിഴക്കഞ്ചേരി കൊഴുക്കുള്ളി പാലാണി വീട്ടിൽ ശിവരാമന്റെ മകൻ സിബിൻദാസ് (അപ്പു - 24) ആണ് മരിച്ചത്.
കഴിഞ്ഞമാസം 28 നു വാണിയംകോട് കോഴിക്കുളത്തിനുസമീപം രാത്രി എട്ടിനാണ് അപകടമുണ്ടായത്. സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംതെറ്റി സ്കൂട്ടർ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സുഹൃത്ത് പാലാണി ബാബുവിന്റെ മകൻ അനീഷി(20) നും പരിക്കേറ്റിരുന്നു. ഇരുവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിബിൻദാസ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് ഒന്നിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. അമ്മ: വസന്ത. സഹോദരങ്ങൾ: സിനി, സിഞ്ജു.