നെന്മാറ: നെൽക്കതിർ വന്ന പാടശേഖരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായി. നെല്ല് പഴുത്തു തുടങ്ങുന്നതിനു മുമ്പ്തന്നെ നെൽ ചെടികൾക്കിടയിലൂടെ നടന്നും കിടന്നുരുണ്ടും നാശം വരുത്തുന്നു. കൂടാതെ നെൽപ്പാടത്തെ വരമ്പുകൾ കുത്തിമറിച്ച് നശിപ്പിക്കുന്നു. വരമ്പുകൾ കുത്തുമറിക്കുന്നതോടെ നെൽപ്പാടങ്ങളിൽ വെള്ളം ശേഖരിക്കാനോ വെള്ളം നിയന്ത്രിക്കാനോ സാധിക്കുന്നില്ല.
വരമ്പുകളിലെ മണ്ണിരകളെയും മറ്റും തിന്നാനാണ് തേറ്റ കൊണ്ട് കുത്തി വരമ്പ് തള്ളിമാറ്റുന്നത്. വരമ്പ് മുഴുവൻ തകർക്കുന്നതിനാൽ അടുത്ത കൃഷി ഇറക്കുന്നതിന് മുമ്പായി വരമ്പു നേരാക്കാൻ അധിക സാമ്പത്തിക ബാധ്യത വരും. പകൽ സമയത്ത് പോലും നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ഓടിപ്പോകുന്നത് കാണുന്നുണ്ടെന്ന് എലന്തം കൊളമ്പിലെ കർഷകർ പറയുന്നു. വിത്തനശേരി കണ്ണോട്, മരുതഞ്ചേരി, ചെട്ടികുളമ്പ്, പോത്തുണ്ടി, കോതശേരി ഭാഗങ്ങളിലാണ് കൊയ്ത്തിനു മുന്പ്തന്നെ കാട്ടുപന്നികൾ നെൽപ്പാടങ്ങൾ കുത്തിമറിക്കുന്നത്.