ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നൽകി
1593085
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടു ചോദിച്ച ആനന്ദവല്ലിക്കു ബാങ്ക് 10,000 രൂപ നൽകി. ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേമായുണ്ടായിരുന്ന 1.75 ലക്ഷം രൂപയില്‍നിന്നാണ് 10,000 രൂപ നല്‍കിയത്. ആനന്ദവല്ലിയോട് കേന്ദ്രമന്ത്രിയുടെ പ്രതികരണം വിവാദമായിരുന്നു.
സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചുകൊണ്ടുപോയി 10,000 രൂപ വാങ്ങിനല്‍കിയത്. മരുന്നുവാങ്ങാന്‍ ആവശ്യമായ പണം ആവശ്യപ്പെട്ടാണ് ആനന്ദവല്ലി ബാങ്കില്‍ അപേക്ഷ നല്‍കിയത്. ഇനിയും ആവശ്യപ്പെടുന്നതനുസരിച്ച് പണം നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞതായും ആനന്ദവല്ലി പറഞ്ഞു.
ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് പരിഹാരം ഉണ്ടായതെന്ന് സിപിഎം അസിസ്റ്റന്റ് സെക്രട്ടറി ആര്.എം. ജീവന്‍ലാല്‍ പറഞ്ഞു. കലുങ്ക് സൗഹൃദസംവാദത്തിനിടയില് വയോധികയെ അപമാനിച്ചതു പ്രതിഷേധാര്‍ഹമാണെന്നു സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ പ്രസ്താവിച്ചു.