നാടിന്റെ ആത്മീയപ്രകാശം: കോൺഗ്രസ്
1592499
Thursday, September 18, 2025 1:16 AM IST
തൃശൂർ: ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. 1997ൽ തൃശൂരിലെത്തിയ കാലംമുതൽ നാടിന്റെ ആത്മീയപ്രകാശമായിരുന്നു അദ്ദേഹം.
ദൈവികത തുളുന്പുന്ന വാക്കുകൾ സമൂഹത്തിനു പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കരുത്തായിരുന്നെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
സഭയ്ക്കും
സമൂഹത്തിനുംവേണ്ടി
ജീവിച്ച പിതാവ്:
കെ. രാധാകൃഷ്ണൻ എംപി
തൃശൂർ: സഭയ്ക്കും സമൂഹത്തിനുംവേണ്ടിയാണ് മാർ ജേക്കബ് തൂങ്കുഴി ഇക്കാലം മുഴുവൻ ജീവിച്ചതെന്നും എല്ലാവരോടും സൗമ്യതയോടെയും വാത്സല്യത്തോടെയും ഉള്ള പെരുമാറ്റമായിരുന്നു പിതാവിന്റേതെന്നും കെ. രാധാകൃഷ്ണൻ എംപി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
52 വർഷത്തോളം മെത്രാനായി പിതാവ് സേവനം അനുഷ്ഠിച്ചു. 1997 മുതൽ തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന കാലയളവിൽ ജില്ലയിൽ സാമൂഹ്യരംഗത്തും സാംസ്കാരികരംഗത്തും പിതാവ് നിറഞ്ഞുനിന്നു. ചേലക്കര നിയോജകമണ്ഡലത്തിൽ ജനപ്രതിനിധിയായിരുന്ന കാലഘട്ടത്തിലാണ് പിതാവ് മുൻകൈ എടുത്ത് ചെറുതുരുത്തിയിലെ ജ്യോതി എൻജിനീയറിംഗ് കോളജ്, മുള്ളൂർക്കരയിലെ മഹാജൂബിലി ട്രെയിനിംഗ് കോളജ് എന്നിവ ആരംഭിച്ചതെന്നും എംപി അനുസ്മരിച്ചു.
സൗമ്യവും
ദീപ്തവുമായ
വ്യക്തിത്വം:
സിപിഎം
തൃശൂർ: ദീപ്തവും സൗമ്യവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
ആർക്കും ഏതുസമയത്തും സമീപിക്കാവുന്ന സഭാനേതാവായിരുന്നു അദ്ദേഹം. വിശുദ്ധിയാർന്ന ജീവിതമൂല്യങ്ങൾ അവസാനശ്വാസംവരെ ഉയർത്തിപ്പിടിച്ചു. ഐശ്വര്യപൂർണമായ സാമൂഹികജീവിതത്തിനുവേണ്ടി ഗാഢമായി പ്രവർത്തിച്ച പാവങ്ങളുടെ നല്ലയിടയന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതിക്കായി
നിലകൊണ്ട
ശ്രേഷ്ഠജീവിതം:
സിപിഐ
തൃശൂർ: ക്രൈസ്തവമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സാമൂഹികനീതിക്കും മനുഷ്യപുരോഗതിക്കുംവേണ്ടി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു മാർ ജേക്കബ് തുങ്കുഴിയെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ.
കുടിയേറ്റ കർഷകകുടുംബത്തിൽ ജനിച്ച അദ്ദേഹം എക്കാലത്തും തൊഴിലാളികൾക്കും കർഷകർക്കുംവേണ്ടി നിലകൊണ്ടു. സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്കൊപ്പമാണ് താനെന്ന് എപ്പോഴും സ്വജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. മതങ്ങൾക്കതീതമായ മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ച മാർ തൂങ്കുഴിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
നാടിന്റെ ആദരം
പിടിച്ചുപറ്റിയ
വ്യക്തിത്വം: തേറന്പിൽ
തൃശൂർ: പാവങ്ങളുടെ പിതാവായ കുണ്ടുകുളം തിരുമേനിയുടെ പിൻഗാമിയായി തൃശൂരിലെത്തിയ മാർ ജേക്കബ് തൂങ്കുഴി നാടിന്റെ മുഴുവൻ ആദരവും പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നെന്നു മുൻ നിയമസഭാ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ.
സൗമ്യമായ പെരുമാറ്റവും ലളിതമായ സംഭാഷണശൈലിയും സർവരെയും ആകർഷിച്ചു. ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സേവനങ്ങൾ മറക്കാനാകില്ല. ജനപ്രതിനിധിയെന്ന നിലയിൽ എനിക്കു നൽകിയ സ്നേഹവാത്സല്യങ്ങൾ മറക്കാനാകില്ല. സാത്വികനായ പുണ്യാത്മാവിന്റെ സ്മരണയ്ക്കുമുന്നിൽ പ്രണമിക്കുന്നു.
സംസ്കൃതത്തെ
സ്നേഹിച്ച
മാർ തൂങ്കുഴി:
തോമസ് പാവറട്ടി
തൃശൂര്‍: സംസ്കൃതഭാഷയെ വളരെയധികം സ്നേഹിച്ച ബിഷപ്പായിരുന്നു മാർ തൂങ്കുഴിയെന്നു ടോംയാസ് ഉടമ തോമസ് പാവറട്ടി അനുശോചിച്ചു.
തൃശൂരിൽ ആര്‍ച്ച്ബിഷപ്പായി ചാര്‍ജെടുത്ത അദ്ദേഹത്തിന്റെ ആദ്യത്തെ പൊതുചടങ്ങ് ടോംയാസ് സംഘടിപ്പിച്ച പി.ടി. കുരിയാക്കോസിന്റെ 25-ാം ചരമ വാര്‍ഷികാചരണമായിരുന്നു. വൈദികവിദ്യാര്ഥിയായിരിക്കുമ്പോള് സംസ്കൃതം പഠിച്ചിട്ടുള്ള വൈദികശ്രേഷ്ഠന് അന്ന് സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലിയെന്നും തോമസ് പാവറട്ടി അനുസ്മരിച്ചു.