ഉത്തരവ് മേയറുടെ അറിവോടെ: ജോണ്‍ ഡാനിയൽ
1592804
Friday, September 19, 2025 1:31 AM IST
തൃശൂർ: കോർപറേഷനിലെ വൈദ്യുതിവിഭാഗം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വിവരം മേയർക്കും സിപിഎം നേതാക്കൾക്കും നേരത്തേ അറിയാമായിരുന്നെന്നു കൗണ്‍സിലർ ജോണ്‍ ഡാനിയൽ. നേരത്തേ പാളിപ്പോയ കന്പനിവത്കരണം വീണ്ടും നടപ്പാക്കാനാണു നീക്കം.
അന്നു ശ്രമം നടക്കാതെ പോയപ്പോൾതന്നെ മേയർ നടപ്പാക്കുമെന്നു വെല്ലുവിളിച്ചിരുന്നു. ഇതിനായി മേയുടെ പിഎ ആയി ടോബി തോമസ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. ഇയാൾ മേയറുടെ ബന്ധുവാണെന്ന ആരോപണവും ഉയർന്നിരുന്നു. കന്പനിവത്കരണത്തിനായി ടോബിയുടെ നേതൃത്വത്തിലാണ് കരടുരൂപം തയാറാക്കിയത്.
ഇപ്പോഴുള്ള സർക്കാർ ഉത്തരവിനുപിന്നിലും കന്പനിവത്കരണമാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം കുറച്ചു ജനങ്ങൾക്കു ലഭിക്കേണ്ട സേവനം പ്രതിസന്ധിയിലാക്കുകയും സ്വകാര്യവത്കരണം മാത്രമാണു പ്രതിവിധിയെന്നു പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുള്ള ഉത്തരവിറങ്ങിയതു തദ്ദേശമന്ത്രിയുമായി മേയറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും നടത്തിയ ഗൂഢാലോചനയാണ്.
തദ്ദേശമന്ത്രി കോർപറേഷനിൽ ഉദ്ഘാടനത്തിന് എത്തിയതും ഇതിന്റെ ഭാഗമാണ്. മേയറും കോർപറേഷനിലെ സിപിഎം നേതാക്കളും അറിയാതെ മന്ത്രി ഉത്തരവിറക്കിയെന്നു പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പ്രതിസന്ധിയുണ്ടാക്കി പ്രതിവിധി കണ്ടെത്താമെന്നു കരുതേണ്ടെന്നും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ജോണ്‍ ഡാനിയൽ പറഞ്ഞു.