കെ.വി. അബ്ദുൾ ഖാദർ പിണറായിക്കു പഠിക്കുകയാണോ: ജോസഫ് ടാജറ്റ്
1592398
Wednesday, September 17, 2025 8:02 AM IST
തൃശൂർ: പോലീസ് മർദനത്തിനിരയായ സുജിത്തിന്റെ വിവാഹം മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ പരിഹസിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിനെതിരേ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
കെ.വി. അബ്ദുൾ ഖാദർ പിണറായി വിജയനു പഠിക്കാൻ തുടങ്ങിയോ. നിങ്ങളോടെനിക്കു സഹതാപമാണു തോന്നുന്നതെന്നും ടാജറ്റ് പറഞ്ഞു. സുജിത്തിന്റേതു സ്വാതന്ത്ര്യസമരസേനാനിയുടെ വിവാഹമാണോ എന്നായിരുന്നു അബ്ദുൾ ഖാദറിന്റെ പരിഹാസം.
ചെടിച്ചട്ടികൊണ്ടും ഹെൽമറ്റുകൊണ്ടും തെരുവുഗുണ്ടകളെപ്പോലെ ആക്രമണം നടത്തുന്നതു ജീവൻരക്ഷാപ്രവർത്തനമാണെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നിലയിലേക്ക് അബ്ദുൾ ഖാദർ തരംതാഴരുതായിരുന്നു. പൊതുരംഗത്തു പ്രവർത്തിക്കുന്നവരുടെ പേരിൽ കേസുകളുണ്ടാകും. കൊലക്കേസ് പ്രതികളുള്ള പാർട്ടിയാണു സിപിഎം. സുജിത്തിനെതിരേയുള്ള കേസുകൾ രാഷ്ട്രീയപരമാണ്. പോലീസിനെ ആക്രമിച്ചെന്ന സുജിത്തിനെതിരേയുള്ള കേസ് കസ്റ്റഡിമർദനവുമായി ബന്ധപ്പെട്ടുണ്ടാക്കിയ തിരക്കഥയാണ്. കൂടുതൽ കേസുകളും സുജിത്തിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നതു പോലീസ് മർദനത്തിനുശേഷമാണ്. ഇതൊന്നും പരിശോധിക്കാതെയാണ് അബ്ദുൾ ഖാദറിന്റെ പ്രസ്താവന. അഭിപ്രായപ്രകടനത്തിനുമുന്പ് ഇതെല്ലാം പരിശോധിക്കാൻ ശ്രമിക്കണമായിരുന്നു.
ഞങ്ങളെല്ലാം രാഷ്ട്രീയസമരങ്ങളുടെ പേരിൽ റിമാൻഡിൽ കഴിയുന്ന സഹപ്രവർത്തകരെ ജയിലിൽ സന്ദർശിക്കാറുണ്ട്. എന്നാൽ അബ്ദുൾ ഖാദർ പോയത് 51 വെട്ടുവെട്ടിയ കേസിലെ പ്രതികളെ കാണാനാണ്. ആ അനുഭവത്തിൽനിന്നാണ് ഇത്തരത്തിൽ പരാമർശം നടത്തിയതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.