നല്ല ഇടയന്,അനുശോചനങ്ങൾ...
1592799
Friday, September 19, 2025 1:31 AM IST
ആർച്ച്ബിഷപ്
ഡോ. വര്‍ഗീസ് ചക്കാലക്കല്‍
കോഴിക്കോട്: തന്റെ ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവും കൊണ്ട് കേരളത്തെയും അനവധി പ്രദേശങ്ങളെയും പ്രകാശിപ്പിച്ച മഹാനായ വ്യക്തിത്വമാണ് അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവ്. അദ്ദേഹം സ്നേഹത്തിന്റെ നിറകുടവും ലാളിത്യത്തിന്റെ ജീവിക്കുന്ന മാതൃകയും സൗഹൃദബന്ധത്തിന്റെ വലിയ സാക്ഷ്യവുമായിരുന്നു. പുഞ്ചിരിയോടെ വരവേല്‍ക്കുന്ന സ്വഭാവം, കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി, ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നതും അനുഗമിക്കാവുന്നതുമാണെന്ന് ഡോ. ചക്കാലയ്ക്കൽ അനുസ്മരിച്ചു.
സൗമ്യനായ ആത്മീയസഞ്ചാരി:
മാർ ഔഗിൻ കുര്യാക്കോസ്
തൃശൂർ: കരുണയും എളിമയും ലാളിത്യവും എല്ലാ പ്രവർത്തനങ്ങളിലും അടുത്തറിഞ്ഞിട്ടുള്ള മാർ തൂങ്കുഴി കൽദായ സുറിയാനിസഭയുമായും സഭയുടെ മേലധ്യക്ഷന്മാരുമായി ആത്മീയബന്ധം പുലർത്തിയിരുന്നുവെന്നു മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത.
ചെറുകഥകളിലുടെയും സംഭവങ്ങളിലൂടെയും താത്വിക ആത്മിക ചിന്തകൾ പകർന്നുകൊടുക്കാൻ പ്രത്യേക പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രാർഥനയിൽ ശരണപ്പെട്ട്, സാധുസംരക്ഷണം ലക്ഷ്യംവച്ച് പ്രവർത്തിച്ച്, സ്വർഗരാജ്യം ലാക്കാക്കി സഞ്ചരിച്ചിരുന്ന ഒരു സൗമ്യനായ ആത്മീയസഞ്ചാരിയായിരുന്ന മാർ തൂങ്കുഴി എല്ലാവരെയും വേദപഠനത്തിലേക്കും പ്രാർഥനാജീവിതത്തിലേക്കും നയിച്ച ആത്മീയഗുരുവായിരുന്നു.
അദ്ദേഹത്തിനു പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വിശുദ്ധിയുടെ പരിമളം പരത്തിയ
മഹദ്വ്യക്തി: ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ അനുശോചിച്ചു.
സഭയിലും സമൂഹത്തിലും വിശുദ്ധിയുടെ പരിമളം പരത്തിയ മഹദ്വ്യക്തിയാണ് മാർ തൂങ്കുഴി. വിനയത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തമാതൃകയായിരുന്നു അദ്ദേഹം.
താനുമായി വലിയ വ്യക്തിബന്ധം പുലർത്തിയിരുന്ന അദ്ദേഹം എല്ലാവരോടും സൗമ്യതയോടും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നത്. വിശുദ്ധമായ ജീവിതത്തിന്റെ മാതൃകയായ അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്കെന്നപോലെ സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശേരി: സൗമ്യനായ വ്യക്തിയായിരുന്നു അഭിവന്ദ്യ തൂങ്കുഴി പിതാവ്. ശാന്തമായ ജീവിതമായിരുന്നു പിതാവിനുണ്ടായിരുന്നത്. ആ സൗമ്യത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും സംസാരശൈലിയിലും നമുക്കു കാണാന്‍ സാധിക്കും. എല്ലാവരോടും വളരെ ശാന്തമായിട്ടാണ് അദ്ദേഹം ഇടപെട്ടിരുന്നത്. നടത്തംതന്നെ ചടുലതയോടെ വേഗത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സംസാരം വളരെ ശാന്തമായിരുന്നു. ആരോടും ദേഷ്യമായി സംസാരിക്കില്ല. മറ്റുള്ളവരുടെ ഹൃദയം മുറിയരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് ആരെയും വേദനിപ്പിക്കാതെയായിരുന്നു അദ്ദേഹം എപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്.
ആഴമായ ആധ്യാത്മികതയുടെ ഉടമയായിരുന്നു പിതാവ്. ദൈവസ്നേഹത്തിന്റെ ആഴങ്ങളില്‍ പിതാവ് എപ്പോഴും സമ്പൂര്‍ണമായി സമര്‍പ്പിച്ചിരുന്നതുകൊണ്ട് പിതാവിന്റെ ജീവിതം ശാന്തമായിരുന്നു. ദൈവാശ്രയബോധമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. എല്ലാം ദൈവം ക്രമീകരിച്ചുകൊള്ളും, ദൈവം നടത്തിക്കൊള്ളും, ദൈവമാണ് എല്ലാം ചെയ്യുന്നത് എന്നദ്ദേഹം വിശ്വസിച്ചു.
ദൈവത്തിലുള്ള പരിപൂര്‍ണമായ ആശ്രയം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. ദൈവത്തെ ആശ്രയിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ദൈവം ഭംഗിയായി ക്രമീകരിച്ചിരുന്നത് നമുക്ക് കാണാന്‍ സാധിക്കും.
ദൈവം ഒരു സങ്കീര്‍ത്തനത്തില്‍ പറയുന്നതുപോലെ ആറ്റുതീരത്തെ വൃക്ഷമായിരുന്നു അദ്ദേഹം. ആറ്റുതീരത്തു വളരുന്ന വൃക്ഷം ഒരിക്കലും അതിന്റെ പച്ചകെട്ടുപോകുന്നില്ല. എപ്പോഴും സമൃദ്ധിയുള്ളതായിരിക്കും. അതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.