കാട്ടുപന്നിയെ വേട്ടയാടി മാംസവില്പന: മൂന്നുപേർകൂടി അറസ്റ്റിൽ
1592511
Thursday, September 18, 2025 1:16 AM IST
വടക്കാഞ്ചേരി: കാട്ടുപന്നിയെ വേട്ടയാടി മാംസവില്പന നടത്തിയ സംഘത്തിലെ മൂന്നുപേർകൂടി അറസ്റ്റിൽ. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിനുകീഴിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെയാണു കഴിഞ്ഞ ദിവസം പിടികൂടിയത്.
കാഞ്ഞിരക്കോട് സ്വദേശി കളായ വടക്കൻ വീട്ടിൽ മിഥുൻ ( 30), മങ്ങാത്ത് വീട്ടിൽ ശിവൻ (54), മനവളപ്പിൽ വീട്ടിൽ മുരളീധരൻ (65) എന്നിവരെയാണ് ഫോറസ്റ്റ് ഓഫീസർ ബി. അശോക്രാജും സം ഘവും അറസ്റ്റുചെയ്തത്.
കാട്ടുപന്നിവേട്ടയുമായി ബന്ധപ്പെട്ട് ദേശമംഗലം സ്വദേശിയായ പല്ലൂർ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ്മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു മൂന്നു പ്രതികളെയും അറസ്റ്റുചെയ്തത്. പിടികൂടിയ മിഥുൻ ഓട്ടോ ഡ്രൈവറും മുരളീധരൻ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നിന്നും വിരമിച്ച ജീവനക്കാരനുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.