വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ: സുരേഷ് ഗോപി
1592503
Thursday, September 18, 2025 1:16 AM IST
കൊടുങ്ങല്ലൂർ: കഴിഞ്ഞദിവസം വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതു കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ശൃംഗപുരം എൽതുരുത്തിൽ നടന്ന കലുങ്ക് വികസന സംവാദസദസിലാണ് സുരേഷ് ഗോപി മറുപടി നൽകിയത്. കൂടുതൽ വേലായുധൻമാരെ തനിക്കു കാണിച്ചുതരാൻ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘വേലായുധൻ ചേട്ടനു വീട് കിട്ടിയതിൽ സന്തോഷം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ഒരു ലിസ്റ്റ് പുറത്തുവിടും. 14 ജില്ലയിലേക്കും പോകും’- സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂർ ബൈപാസിലെ സിഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വരില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, കൗണ്‍സിലർമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.