സുരേഷ്ഗോപിയെ കാണാൻ ചെന്നത് പ്രതീക്ഷയോടെ: ആനന്ദവല്ലി
1592801
Friday, September 19, 2025 1:31 AM IST
തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെവാങ്ങി നൽകുമെന്നു സുരേഷ്ഗോപി തെരഞ്ഞെടുപ്പുസമയത്ത് വാഗ്ദാനം ചെയ്തിരുന്നെന്നും അതു പ്രതീക്ഷിച്ചാണ് അദ്ദേഹത്തെ കാണാൻ ചെന്നതെന്നും ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശിനി ആനന്ദവല്ലി.
കഴിഞ്ഞ ദിവസം കലുങ്ക് ചർച്ചയ്ക്കിടെ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭ്യമാക്കാൻ സഹായം ആവശ്യപ്പെട്ട ഇവരോട് "മുഖ്യമന്ത്രിയെ പോയി കാണൂ' എന്നും "എന്റെ നെഞ്ചത്തേക്കു കയറിക്കോളൂ' എന്നും സുരേഷ്ഗോപി പറഞ്ഞതു വിവാദമായിരുന്നു.
സുരേഷ്ഗോപിയുടെ മറുപടി ഏറെ വേദനിപ്പിച്ചെന്നും കേന്ദ്രമന്ത്രി അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ആനന്ദവല്ലി പ്രതികരിച്ചു. ചേച്ചി കൂടുതൽ വർത്തമാനം പറയരുതെന്ന താക്കീതുമുണ്ടായി.
ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കരുവന്നൂർ സഹകരണസംഘത്തിൽനിന്നു കിട്ടാനുള്ളത്. ചികിത്സാച്ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. മാസം മരുന്നിനുതന്നെ നല്ലൊരു തുക വേണം. സഹകരണസംഘക്കാർ പറ്റിച്ച പണമാണെന്നും ആനന്ദവല്ലി പറഞ്ഞു. മുഖ്യമന്ത്രിയെയൊക്കെ തന്നെപ്പോലുള്ള പാവങ്ങൾ എവിടെപോയി കാണാനാണെന്നും ആനന്ദവല്ലി ചോദിച്ചു.