പവർകട്ടിൽ വലഞ്ഞ് ജനം; കോർപറേഷൻ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം കത്തുന്നു
1592404
Wednesday, September 17, 2025 8:08 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ വൈദ്യുതിവിഭാഗം പണിമുടക്കിയതോടെ പരാതികൾ പരിഹരിക്കാൻ ആളില്ലാതെ നഗരം പവർകട്ടിൽ വലഞ്ഞതു മണിക്കൂറുകൾ.
ഇന്നലെ ഉച്ചയോടെയാണ് എംഒ റോഡ് ഫീഡറിലും വിവിധ സെക്ഷനുകളിലും വൈദ്യുതി നിലച്ചത്. തുടർന്ന് കോർപറേഷൻ വൈദ്യുതി വിഭാഗത്തിലേക്കു തുടരെ പരാതി ഫോൺകോളുകളായിരുന്നു. സമരത്തിലുള്ള ജീവനക്കാരാരും പരാതികൾ പരിഹരിക്കാൻ തയാറായില്ല. ഇതോടെ നഗരം ജനറേറ്ററിലാണു പ്രവർത്തിച്ചത്.
ഏറെ വ്യാപാരസ്ഥാപനങ്ങളുള്ള എംഒ റോഡ് ഫീഡറിലും നഗരപ്രദേശത്തെ വിവിധ കോർപറേഷൻ ഡിവിഷനുകൾ ഉൾപ്പെടുന്ന രണ്ടു സെക്ഷനുകളിലുമാണ് വൈദ്യുതി നിലച്ചത്. കോർപറേഷൻ വൈദ്യുതിവിഭാഗത്തിലെ സമരത്തെക്കുറിച്ചുള്ള വാർത്തയും പരന്നതോടെ വൈദ്യുതിതടസം രാത്രിയിലും തുടരുമെന്ന പ്രചാരണവുമുണ്ടായി. ഇതോടെ ജനം ആശങ്കയിലായി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഇരുപതോളം പരാതികളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.
ഇതേസമയം സമരത്തിലുള്ള വൈദ്യുതിവിഭാഗം ജീവനക്കാർ ഓഫീസിനുമുന്നിൽ മുദ്രാവാക്യംവിളികളുമായി ധർണയിരുന്നു. കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ മേയറെ ചേംബറിൽ ഉപരോധിച്ചു.
229 തസ്തികകൾ 103 ആക്കി ചുരുക്കിയ തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവിനെതിരേയും ഏഴുവർഷമായി നടപ്പാക്കാത്ത ശന്പളപരിഷ്കരണം ആവശ്യപ്പെട്ടുമാണ് കോർപറേഷൻ വൈദ്യുതിവിഭാഗം സംയുക്ത ട്രേഡ് യൂണിയൻ ഇന്നലെമുതൽ പണിമുടക്ക് ആരംഭിച്ചത്. ഇതിനിടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതും പരാതിപ്രവാഹമുണ്ടായതും.
നൂറിലേറെപ്പേർക്കു തൊഴിൽ നഷ്ടപ്പെട്ടു
തസ്തികകൾ വെട്ടിക്കുറച്ചതോടെ വൈദ്യുതിവിഭാഗത്തിലെ നൂറിലേറെ താത്കാലിക ജീവനക്കാർക്കാണു തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. ഇലക്ട്രിക്കൽ വർക്കർ തസ്തികയിൽ 50 പേരുണ്ടായിരുന്നത് പുതിയ ഉത്തരവിൽ 18 പേരാക്കി ചുരുക്കി. 51 ലൈൻമാൻമാരുള്ളത് അഞ്ചുപേരാക്കി.
24 മണിക്കൂറും പ്രവർത്തിക്കേണ്ട വൈദ്യുതിവിഭാഗത്തിൽ ഇത്രയുമധികം തസ്തികകൾ വെട്ടിക്കുറച്ചതു നീതീകരിക്കാനാകില്ലെന്നു തൊഴിലാളികൾ പറയുന്നു.കോർപറേഷൻ വൈദ്യുതിവിഭാഗത്തിനു കീഴിൽ 12.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിനുള്ളിൽ 40,000 ഉപയോക്താക്കളാണുള്ളത്. മീറ്റർ റീഡറുടെ ഉൾപ്പെടെയുള്ള തസ്തികകൾ അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് വൻവെട്ടിച്ചുരുക്കലുണ്ടായിരിക്കുന്നത്.
ശമ്പളപരിഷ്കരണം ഇനിയും വൈകും
കെഎസ്ഇബി ജീവനക്കാർക്കു ശന്പളം പരിഷ്കരിച്ചുനൽകിയെങ്കിലും തത്തുല്യമായ സേവനവ്യവസ്ഥകളുള്ള കോർപറേഷൻ വൈദ്യുതിവിഭാഗം ജീവനക്കാർക്കു സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ചശേഷം പരിഷ്കരണം നടപ്പാക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ ഇതിൽ വീഴ്ചയുണ്ടായതോടെ ശമ്പളപരിഷ്കരണ തീരുമാനം ഇനിയും വൈകും. 91 മുതലുള്ള സ്റ്റാഫ് പാറ്റേൺപ്രകാരം ഇപ്പോഴുള്ള 229 ജീവനക്കാരിൽ 110 പേർ സ്ഥിരവും ബാക്കിയുള്ളവർ താത്കാലികക്കാരുമാണ്.