ആല്മരത്തിന് ഇന്ന് വൃക്ഷായുര്‍വേദ ചികിത്സ
1593073
Saturday, September 20, 2025 1:53 AM IST
ഇരിങ്ങാലക്കുട: ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആല്മരത്തിന് ഇന്ന് വൃക്ഷായുര്‍വേദ ചികിത്സ നല്‍കും. ആനന്ദപുരത്തെ നിരവധി സുമനസുകളുടേയും ക്ഷേത്രക്കമ്മിറ്റിയംഗങ്ങളുടേയും സമയോചിതമായ ഇടപെടലുകളാണ് ഈ ആല്‍മരത്തിന്റെ പുനരുജ്ജീവനം എന്ന ആശയം മുന്നോട്ടുവച്ച് ഇതിനായി ഇറങ്ങിത്തിരിച്ചത്. കോട്ടയം സ്വദേശിയായ, ട്രീ ഡോക്ടര്‍ എന്ന പേരിലറിയപ്പെടുന്ന ബിനുമാഷാണ് മരത്തിന് ഈ ചികിത്സ നല്‍കുന്നത്.
പുരാതന ഗ്രന്ഥങ്ങളില്‍ പൂര്‍വികരായ മനീഷികള്‍ എഴുതിച്ചേര്‍ത്ത മഹത്തായ അറിവുകളുടെ സമന്വയമാണ് വൃക്ഷായുര്‍വേദം. ആല്‍മരം ബ്രഹ്മസങ്കല്പം ആയതിനായാലും ക്ഷേത്ര ആല്‍മരം ആയതിനായാലും സസ്യരീതിയിലുള്ള പ്രതിവിധിയാണ് നല്‍കുന്നത്.
പന്ത്രണ്ടോളം ഘട്ടങ്ങളിലായി, വിവിധ മരുന്നു കൂട്ടുകള്‍ തയാറാക്കിയാണ് ചികിത്സ നടത്തുന്നത്. മൂന്നുതരം മണ്ണ് (ആല്മരച്ചോട്ടിലെ മണ്ണ്, വയല്‍മണ്ണ്, ചിതല്‍പ്പുറ്റു മണ്ണ്), പാല്, തേന്‍, നെയ്, പഴം തുടങ്ങി നിരവധി പ്രകൃതിദത്ത വസ്തുക്കളാണതില്‍ ഉപയോഗിക്കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെയാണ് ചികിത്സ നടക്കുക. അത്യപൂര്‍വമായ ഒരു സംഭവത്തിനു ഇന്ന് ആനന്ദപുരം സാക്ഷ്യംവഹിക്കും.