കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്കുസംവാദങ്ങള്ക്കെതിരേ മന്ത്രി
1592806
Friday, September 19, 2025 1:31 AM IST
ഇരിങ്ങാലക്കുട: കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമാണെന്ന് മന്ത്രി ഡോ. ആര്. ബിന്ദു.
ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച കലുങ്ക് പരിപാടിയില്‍ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ജനാധിപത്യമര്യാദകള്‍ക്ക് നിരക്കുന്നതല്ല. താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ് എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു.
തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റുവാങ്ങാനും അനുഭാവപൂര്‍വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവര്‍ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിയ്ക്ക്. ജീവിതപ്രശ്നങ്ങളുമായി മുന്നിലെത്തുന്നവര്‍ തന്റെ അടിയാണെന്ന തോന്നല്‍ നല്ലതല്ല.
ജീവിതത്തിലാണോ സിനിമയിലാണോ താനെന്ന സ്ഥലജല വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങള്‍. തിരക്കഥാകൃത്തുക്കള്‍ സമ്മാനിച്ച ഫ്യൂഡല്‍ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടാവരുത്.
സിനിമകളില്‍ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടര്‍ച്ചയായി അദ്ദേഹത്തില്‍നിന്നും ഉണ്ടാവുന്നതുകൊണ്ടാണ് ഇതു പറയാന്‍ നിര്‍ബന്ധിതയാകുന്നത്.
മിഥ്യാഭ്രമം മാറാന്‍ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോള്‍ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നുപോവരുതെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആര്. ബിന്ദു പ്രസ്താവനയില്‍ പറഞ്ഞു.