വെറ്റിലപ്പാറയിൽ 110 കെവി സബ് സ്റ്റേഷന് അനുമതി
1593072
Saturday, September 20, 2025 1:53 AM IST
ചാലക്കുടി: വെറ്റിലപ്പാറയിൽ പുതിയ 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക സാധ്യതാപഠനം നടത്തി. അനുമതി ലഭ്യമാക്കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി സ്ഥലത്തിന്റെ പാട്ടവാടക നിജപ്പെടുത്തിയ കളക്ടറുടെ ഉത്തരവ് കെഎസ്ഇബിയിൽ ലഭ്യമായതായും പാട്ടക്കരാർ വ്യവസ്ഥകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
സബ്സ്റ്റേഷൻ നിർമാണത്തിനായി തയ്യാറാക്കിയിട്ടുള്ള വിശദമായ പദ്ധതിരേഖ അംഗീകരിയ്ക്കുന്നതിനുള്ള നടപടികളും കെഎസ്ഇ ബിയിൽ പുരോഗമിക്കുകയാണ്. നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.