മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
1592393
Wednesday, September 17, 2025 7:58 AM IST
ആളൂര്‍: മുക്കുപണ്ടം പണയംവച്ച് 1,71295 രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തന്‍ച്ചിറ പൊരുമ്പുകുന്ന് സ്വദേശി മാക്കാട്ടില്‍ വീട്ടില്‍ സൈജുവിനെ(49) യാണ് അറസ്റ്റ് ചെയ്തത്.
താഴേക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കുണ്ടൂര്‍ ശാഖയില്‍ 2024ല്‍ രണ്ട് തവണകളിലായിട്ടാണ് തട്ടിപ്പ് നടത്തിയത്. 24.100 ഗ്രാം തൂക്കം വരുന്ന ആഡ്യന്‍ മോഡല്‍ മുക്കുപണ്ടമാല പണയംവച്ച് 1,11,295 രൂപയും, 12 ഗ്രാം മുത്തരഞ്ഞാന് മോഡല്‍ മുക്കുപണ്ട അരഞ്ഞാന്‍ പണയംവച്ച് 60,000 രൂപ അടക്കം 1,71295 രൂപയാണ് തട്ടിച്ചെടുത്തത്.
സംഭവത്തില്‍ താഴേക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി താഴേക്കാട് സ്വദേശി മാടവന വീട്ടില്‍ ജാന്‍സിയുടെ പരാതിയില്‍ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്കില്‍ പണയംവയ്ക്കുന്ന സ്വർണം മൂന്നുമാസം കൂടുമ്പോള്‍ ഗോള്‍ഡ് അപ്രൈസറെക്കൊണ്ട് പരിശോധിപ്പിക്കാറുണ്ട്. അത്തരത്തില്‍ പരിശോധിച്ചപ്പോഴാണ് സൈജു പണയംവച്ചത് മുക്കു പണ്ടങ്ങളാണെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ പോയ സൈജു ഇയാളുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചത് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആളൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ബി. ഷാജിമോന്‍, എസ്ഐ കെ.പി. ജോര്‍ജ്, ജിഎഎസ്ഐ മിനിമോള്‍, സിപിഒ മാരായ അരുണ്‍, ഹരികൃഷ്ണന്, നിഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.