മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം: കെ.ജി. ശിവാനന്ദൻ
1592392
Wednesday, September 17, 2025 7:58 AM IST
കൊടുങ്ങല്ലൂർ: ഉൾനാടൻ മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ അടിയന്തര ഇടപെടൽ നടത്തണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മത്സ്യ ത്തൊഴിൽ സംരക്ഷണ സംയുക്ത സമിതിയുടെ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായൽ ജലം മാലിന്യവിമുക്തമാക്കുക, രാസമാലിന്യ ജലം പുഴയിലേക്ക് ഒഴുക്കുന്ന കമ്പനികൾക്കെെതിരെ നടപടി സ്വീകരിക്കുക, കുളവാഴ പായൽ, ചണ്ടി എന്നിവയുടെ ഭീഷണിയിൽ നിന്നും മത്സ്യമേഖലയെ സംരക്ഷിക്കുക, മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിക്കുക, മത്സ്യമേഖലയെ സംരക്ഷിക്കുക, മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പി.കെ. മാധവൻ അധ്യക്ഷത വഹിച്ചു. ഇ.എസ്. ബാബു -ഐഎൻടിയുസി , കെ.ആർ വിദ്യാസാഗർ - ബിഎംഎസ്, കെ. സി. വർഗീസ് - ആർജെഡി, എൻ.കെ. തങ്കരാജ് - പ്രസിഡന്റ്്, കല്യാണദായനി സഭ, കെ.സി. സതീശൻ - എഐടിയുസി, വർഗീസ് - സിഐടിയു, വി.എസ്. സത്യൻ - ഐഎൻടിയുസി, പി.കെ. സജീവൻ, ടി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.