ദേശീയപാത വികസനം: നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരെത്തി
1592495
Thursday, September 18, 2025 1:16 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണംനടക്കുന്ന ചിറങ്ങരയിലും മുരിങ്ങൂരിലും നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ഗവേഷണ, പരിശോധനാസ്ഥാപനമായ നാറ്റ്പാക് ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ ഭാഗങ്ങളിൽ നടക്കുന്ന നിർമാണപ്രവൃത്തികൾ വിലയിരുത്താനും റിപ്പോർട്ട് തയാറാക്കാനുമെത്തിയത്. നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് സൻജയ്, സെൻട്രൽ പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനീയർ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്. ഡിവൈഎസ്പിമാരായ പി.വി. ബിജുകുമാർ, പി.കെ. സന്തോഷ്കുമാർ, കൊരട്ടി സിഐ അമൃത് രംഗൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക്കുമാർ, നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, നിർമാണ കമ്പനി പ്രോജക്ട് മാനേജർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
യാതൊരു സുരക്ഷാ മുന്നൊരുക്കവുമില്ലാതെയുള്ള നിർമാണ പ്രവൃത്തികളാണ് മേഖലയിൽ നടക്കുന്നതെന്നും ഇത് അപകടത്തിന് വഴിവയ്ക്കുമെന്നും നാട്ടുകാർ പറഞ്ഞു. ചിറങ്ങരയിൽ കാനയ്ക്ക് മുകളിലിട്ടിരുന്ന സ്ലാബുകൾ തകർന്നിട്ട് പുന:സ്ഥാപിക്കേണ്ടതിനുപകരം മുകളിൽ കോൺക്രീറ്റിട്ട് മറച്ചതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.
മണ്ണുനീക്കം ചെയ്യാതെയുമുള്ള കാന നിർമാണത്തിന്റെ വിചിത്ര കാഴ്ചകളും ജനം ശ്രദ്ധയിൽപ്പെടുത്തി. പെരുമ്പിയിലെ അപകടകരമായ വളവും പെരുമ്പിയിലും പാെങ്ങത്തും ദേശീയപാതയിൽ ടാർ ഉരുണ്ടുകൂടിനിൽക്കുന്ന പ്രതലവും ഒട്ടേറെ അപകടങ്ങൾക്ക് കാരണമാകുന്നതായും നാട്ടുകാർ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഹൈവേ സംബന്ധിയായ വിഷയം നാളെ കോടതി പരിഗണിക്കാനിരിക്കെ ഇന്നും നാളെയുമായി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് സൻജയ് പറഞ്ഞു.
ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾക്കും റിപ്പോർട്ട് പരിശോധനക്കും ശേഷമായിരിക്കും കളക്ടർ കോടതിയെ നിലപാട് അറിയിക്കുക.