പൂരനഗരിയിൽ ലഹരിക്കെതിരേ പടപ്പുറപ്പാട്
1592500
Thursday, September 18, 2025 1:16 AM IST
തൃശൂർ: "പൊരുതാം നമുക്ക് ലഹരിക്കെതിരേ' എന്ന ആഹ്വാനവുമായി രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് കാന്പയിൻ തൃശൂരിൽ ആവേശമായി.
തൃശൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ-കായിക രംഗങ്ങളിൽനിന്നുള്ള പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് ചെന്നിത്തലയ്ക്കൊപ്പം അണിനിരന്നത്. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിച്ച വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് ‘ലഹരിക്കെതിരേ സമൂഹനടത്തം’ തൃശൂരിന്റെ മണ്ണിൽ പ്രതിരോധത്തിന്റെ പടപ്പുറപ്പാടായി.
തൃശൂർ മണികണ്ഠനാൽ പരിസരത്തുനിന്നാരംഭിച്ച നടത്തം കെ. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി സമൂഹത്തെ തകർക്കുന്ന കാൻസറാണെന്നും സമൂഹത്തിൽ മുന്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതു ലഹരി കാരണമാണെന്നും മുരളീധരൻ പറഞ്ഞു. ഇതിനെതിരേ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടനടത്തം നഗരംചുറ്റി തെക്കേഗോപുരനടയിൽ സമാപിച്ചു.
ലഹരിക്കെതിരേ പ്രതിരോധം വീടുകളിൽനിന്നുതന്നെ തുടങ്ങേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. ഓരോ വീടും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ ശൃംഖലയുടെ വേരറുക്കേണ്ടതുണ്ട്. അതിനായി ജനങ്ങൾ ഒരുമിക്കണം: ചെന്നിത്തല പറഞ്ഞു.
തെക്കേഗോപുരനടയിൽ ജാഥാംഗങ്ങൾക്കു ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷനായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ കൂട്ടനടത്തത്തിൽ പങ്കാളികളായി.
തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഫുട്ബോളർ ഐ.എം. വിജയൻ, മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, എം.പി. വിൻസന്റ്, സുന്ദരൻ കുന്നത്തുള്ളി, സുനിൽ അന്തിക്കാട്, റവ.ഡോ. പോൾ പൂവത്തിങ്കൽ, യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ടി.എൻ. പ്രതാപൻ, റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ, സി.വി. കുര്യാക്കോസ്, കിഴക്കൂട്ട് അനിയൻമാരാർ, ജോസഫ് ചാലിശേരി, അബൂബക്കർ ഫൈസി, ഫാ. എഡ്വിൻ കുറ്റിക്കൽ, നിൽ അക്കര, എ. പ്രസാദ്, ടി.വി. ചന്ദ്രമോഹൻ, എ.സേതുമാധവൻ, സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീർ, എം.പി. ജാക്സണ്, എം.കെ. അബ്ദുൾ സലാം, രാജേന്ദ്രൻ അരങ്ങത്ത്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.എ. ഗോപപ്രതാപൻ, രാജൻ പല്ലൻ, ടി.കെ. പൊറിഞ്ചു, എൻ.ആർ. സതീശൻ, കെ.എൻ. നാരായണൻ, എൻ.പി. രാമചന്ദ്രൻ തുടങ്ങി നിരവധിപേർ അണിനിരന്നു.