തൃശൂർ നഗരം മണിക്കൂറുകളോളം ഇരുട്ടിൽ
1592405
Wednesday, September 17, 2025 8:08 AM IST
തൃശൂർ: നഗരത്തിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലർമാർ മേയറെ ഉപരോധിച്ചു.
വൈദ്യുതിവിഭാഗം ഊരാളുങ്കൽ സൊസൈറ്റിക്കു കൈമാറാൻ എൽഡിഎഫ് സർക്കാരും എൽഡിഎഫ് കോർപറേഷൻ ഭരണസമിതിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തദ്ദേശസ്വയംഭരണവകുപ്പ് 229 ജീവനക്കാരിൽനിന്നു103 ജീവനക്കാരായി വെട്ടിക്കുറച്ച് തീരുമാനമെടുത്ത് ഉത്തരവിറക്കിയതെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു.
പഴയ മുനിസിപ്പൽ പ്രദേശത്തു കോണ്‍ഗ്രസ് കൗണ്‍സിലർമാരാണ് നിലവിലുള്ളത്. വൈദ്യുതി ഇല്ലാതായാൽ കോണ്‍ഗ്രസ് കൗണ്‍സിലർമാരെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന എൽഡിഎഫ് ഭരണസമിതിയുടെ വിവരക്കേടും തെറ്റിദ്ധാരണയുംമൂലമാണ് തൊഴിലാളിനേതാക്കളെ എൽഡിഎഫ് ഭരണസമിതി ചർച്ചയ്ക്കു വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ ഇടപെടൽമൂലം വൈദ്യുതി വിഭാഗത്തിലെ സമരസമിതി നേതാക്കളെ മേയറും ഭരണസമിതിയും ചർച്ചയ്ക്കു വിളിക്കാൻ തയാറാകുകയായിരുന്നു. ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കുളപറന്പിൽ, കൗണ്‍സിലർമാരായ എൻ.എ. ഗോപകുമാർ, വിനേഷ് തയ്യിൽ, ലാലി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.