വണ്‍വേ; ആദ്യദിനം ശാന്തം
1586356
Sunday, August 24, 2025 8:06 AM IST
തൃശൂർ: തിക്കില്ല, തിരക്കില്ല, വാഹനങ്ങളുടെ പരക്കംപാച്ചിലും ഇല്ല. നഗരത്തിൽ പുതിയതായി ഏർപ്പെടുത്തിയ വണ്‍വേ സംവിധാനത്തിന്റെ ആദ്യദിനത്തിൽ നിരത്തുകൾ ശാന്തം, പക്ഷേ, നഗരത്തിലെ മറ്റു റോഡുകളിൽ ഇതോടെ തിരക്ക് വർധിച്ചതും കച്ചവടസ്ഥാപനങ്ങളിലേക്ക് ആളുകൾ കുറഞ്ഞതും യാത്രക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചു.
വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും എണ്ണത്തിലെ വർധനവും കാരണം തിരക്കേറെയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് റോഡിലും വീതികുറഞ്ഞ അക്കാദമി റോഡിലും പോലീസ് നടത്തിയ ഗതാഗത പരിഷ്കാരം ഏറെക്കുറെ വിജയം കണ്ടെങ്കിലും മറ്റുള്ളവർക്ക് ഉപകാരമാണോ ഉപദ്രവമാണോ എന്ന് വരുംദിവസങ്ങളിൽ കണ്ടറിയണം. പോസ്റ്റ് ഓഫീസ് റോഡിൽ മുന്‍പും നിരവധിതവണ വണ്‍വേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെതുടർന്നു പിൻവലിക്കുകയായിരുന്നു.
നേരത്തേ മുന്നറിയിപ്പില്ലാതെ ആന്പക്കാടൻ ജംഗ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ചതു യാത്രാദുരിതം വർധിപ്പിച്ചതിനുപിറകെയാണ് പുതിയ രണ്ടിടങ്ങളിലെ പരിഷ്കാരം. ഇതറിയാതെ പതിവുപോലെ വന്ന യാത്രികരെ പോലീസ് തിരിച്ചുവിടുകയും ചെയ്തിരുന്നു. ആദ്യത്തെ കുറച്ചുദിവസം കർശന നടപടികൾ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിൽ നടപടി കൂടുതൽ കർശനമാക്കാനാണു പോലീസ് തീരുമാനം. പലയിടങ്ങളിലും മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാരെ നട്ടംതിരിക്കുന്നുണ്ട്.
നഗരത്തിലെതന്നെ മറ്റു വണ്‍വേ റോഡുകളായ സെന്റ് മേരീസ് റോഡ്, സെന്റ് തോമസ് കോളജിനു സമീപത്തുകൂടിയുള്ള പാലയ്ക്കൽ അങ്ങാടി റോഡ്, ബാലഭവൻ റോഡ്, ബെനറ്റ് റോഡ് എന്നിവിടങ്ങളിലും വർഷങ്ങളായി വൺവേ സംവിധാനം ഉണ്ടെങ്കിലും തിരക്കേറെയുള്ള സമയങ്ങളിലും നിരവധിപ്പേർ ഇതു ലംഘിക്കുന്നുണ്ട്. അതിൽ നടപടികൾ സ്വീകരിക്കാതെയുള്ള പുതിയ വണ്‍വേ സംവിധാനം പ്രതിഷേധങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.