എറവിൽ പച്ചക്കറിക്കടയുടെ പൂട്ട് തകർത്ത് പണം കവർന്നു
1586353
Sunday, August 24, 2025 8:06 AM IST
അരിമ്പൂർ: പച്ചക്കറിക്കടയുടെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മേശവലുപ്പിൽ സൂക്ഷിച്ചിരുന്ന 9000 രൂപ കവർന്നു. തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ കരുവാൻ വളവിലുള്ള എറവ് സ്വദേശി കാരാമൽ വീട്ടിൽ സജീഷിന്റെ "മുടിയൻസ്' എന്ന കടയിലാണ് മോഷണം നടന്നത്. സമീപത്തെ നീലങ്കാവിൽ ജോസിന്റെ വീട്ടിൽ നിന്നും സൈക്കിളും മോഷണം പോയിട്ടുണ്ട്.
രാവിലെ പച്ചക്കറിക്കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയുടെ മുൻവശത്തെ ഗ്രില്ലിലെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. ഇതിനുപയോഗിച്ച കമ്പി സമീപത്ത് തന്നെ കിടക്കുന്നുമുണ്ട്. മേശവലുപ്പിൽ ഉണ്ടായിരുന്ന പണം മാത്രമാണ് നഷ്ടപ്പെട്ടത്.
ഇതിനുശേഷം മോഷ്ടാവ് പച്ചക്കറിക്കടയ്ക്ക് എതിർവശത്തുള്ള ജോസിന്റെ വീടിനോട് ചേർന്ന് മലവിസർജനം നടത്തുകയും ഉടുമുണ്ട് അവിടെയിട്ട് അയയിൽ കിടന്നിരുന്ന മുണ്ട് എടുത്ത് സ്ഥലം വിടുകയായിരുന്നു. ഒപ്പം അവിടെ ഇരുന്ന സൈക്കിളും മോഷ്ടിച്ചു. പരാതിയെതുടർന്ന് അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.