ആമ്പല്ലൂരിലെ ടാറിംഗ്; ദേശീയപാതയില്‍ മണിക്കൂറുകള്‍നീണ്ട ഗതാഗതക്കുരുക്ക്
1585908
Saturday, August 23, 2025 1:41 AM IST
ആമ്പല്ലൂര്‍: അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ സര്‍വീസ് റോഡില്‍ ടാറിംഗ് ആരംഭിച്ചതോടെ വന്‍ഗതാഗതക്കുരുക്ക്. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പുതുക്കാട് കടന്നു വാഹനങ്ങളുടെ നിര നീണ്ടു. പുതുക്കാടുമുതല് ആമ്പല്ലൂര്വരെയുള്ള സര്‍വീസ് റോഡും മണിക്കൂറുകളോളം സ്തംഭിച്ചു.
ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ബസാര്‍ റോഡിലൂടെ കടന്നുപോകുന്നതും ഗതാഗതക്കുരുക്കിനിടയാക്കി. തൃശൂര്‍ ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ നന്തിക്കര, പുതുക്കാട് എന്നിവിടങ്ങളില്‍ വഴിതിരിഞ്ഞാണ് പോയിരുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് ആമ്പല്ലൂരില്‍ ടാറിംഗ് നടത്തിയിരുന്നത്. മൂന്നുവരിപ്പാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ ആമ്പല്ലൂരില്‍ സര്‍വീസ് റോഡിലൂടെയാണ് ഒറ്റവരിയായി കടത്തിവിട്ടിരുന്നത്. ആംബുലന്‍സ് ഉള്‍പ്പടെ നൂറുകണക്കിനു വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ട് വലഞ്ഞിട്ടും ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.