ക്ഷേത്രത്തില്‍ മോഷണം: പ്രതി അറസ്റ്റിൽ
1586343
Sunday, August 24, 2025 7:54 AM IST
കയ്പമംഗലം: ശ്രീനാരയണപുരത്ത് ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മരോട്ടിക്കുടി വീട്ടിൽ ഷിന്റോ(21)യെയാണ് ചാലക്കുടിയിൽനിന്നു അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീനാരായണപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 7500 രൂപയോളം കവർന്നത്. ഇയാളുടെ പക്കൽനിന്നു 7,430 രൂപയും പിടിച്ചെടുത്തു. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. ഷിന്റോ കറുകുറ്റിയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് 5000 രൂപ മോഷ്ടിച്ച കേസിലും ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവിലുള്ള കപ്പേളയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 3000 രൂപയോളം മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഷിന്റോയെ ചോദ്യംചെയതിൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചാംപരത്തിയിലുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിലും കരിനാട്ട് കുടുബക്ഷേത്രത്തിലും മോഷണശ്രമം നടത്തിയതും കൊടകര വഴിയമ്പലത്തുള്ള കപ്പേളയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചതും ഇയാളാണെന്ന് കണ്ടെത്തി. മതിലകം സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അശ്വിൻ റോയ്, ടി.എൻ. പ്രദീപൻ, ഗ്രേഡ് എഎസ്ഐ പ്രജീഷ്, സിപിഒമാരായ പ്രബിൻ, സതീഷ്, സനീഷ്, വിഷ്ണു എന്നിവരാണ് കേസ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.