താക്കോല്‍ കാണാനില്ല; നിര്‍മാണ അപാകത പരിശോധിക്കാനെത്തിയ സംഘം മടങ്ങി
1585900
Saturday, August 23, 2025 1:41 AM IST
ഇരിങ്ങാലക്കുട: ഠാണാവിലുള്ള കൂടല്‍മാണിക്യം ദേവസ്വംവക സംഗമേശ്വര കോംപ്ലക്സിന്റെ നിര്‍മാണ അപാകതകള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താന്‍കഴിയാതെ മടങ്ങി.
കോംപ്ലക്സിന്റെ താക്കോല്‍ കാണാനില്ല എന്ന മറുപടിയാണ് രാവിലെ പത്തിന് സ്ഥലത്തെത്തിയ പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ജീവനക്കാരനില്‍നിന്നു ലഭിച്ചത്. കെട്ടിടനിര്‍മാണത്തിനായി തന്റെ കെെയില്നിന്നു 1,63,80,000 രൂപ ദേവസ്വം കൈപ്പറ്റിയെന്നും എന്നാല്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിന്റെ പേരിലും നിര്‍മാണത്തിലുണ്ടായ കുറവുകളുടെ പേരിലും കെട്ടിടം ഉപയോഗിക്കാനോ, വാടകയ്ക്ക് കൊടുക്കാനോ കഴിഞ്ഞില്ലെന്നും പണം തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിയുമായ കാക്കര ജനാര്ദനന് കോടതിയില്‍ ഹര്‍ജി നല്കി.
തുടര്‍ന്നാണ് നിര്‍മാണ അപാകതകള്‍ പരിശോധിക്കാന്‍ ഇരിങ്ങാലക്കുട സബ് കോടതി ഉത്തരവിട്ടത്. പതിനൊന്നുവരെ കെട്ടിടവിഭാഗം അസി. എന്‍ജിനീയര്‍ പി.എസ്. സുജേഷ്, ഓവര്‍സിയര്‍മാരായ സരിജ, നീതു എന്നിവര്‍ കാത്തുനിന്നെങ്കിലും താക്കോലുമായി ദേവസ്വത്തില്‍നിന്നും ആരുമെത്തിയില്ല. ഇതു സംബന്ധിച്ച നോട്ടീസ് ദേവസ്വം അധികൃതര്‍ക്ക് നേരത്തെതന്നെ നല്‍കിയിരുന്നതായി ഹര്‍ജിക്കാരന്റെ അഭിഭാഷകരായ അഡ്വ. മഹേഷ് മേനോന് അറിയിച്ചു.
പരിശോധന നടത്താന്‍ കഴിയാത്ത സാഹചര്യം വിശദീകരിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹര്‍ജിക്കാരനായ കാക്കര ജനാര്‍ദനനും സ്ഥലത്തെത്തിയിരുന്നു.