വിദ്യാർഥികളെ കൊള്ളയടിക്കാൻ അനുവദിക്കില്ല: എഐഎസ്എഫ്
1585909
Saturday, August 23, 2025 1:41 AM IST
തൃശൂർ: കാർഷികസർവകലാശാലയിൽ വിവിധ കോഴ്സുകളുടെ ഫീസ് കുത്തനേ കൂട്ടിയതു വിദ്യാർഥിവിരുദ്ധമെന്നും ഇത്തരം കച്ചവടതന്ത്രങ്ങൾ ഇടതുനയമല്ലെന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ പറഞ്ഞു. ഫീസ് വർധനയ്ക്കെതിരേ ഇടതുവിദ്യാർഥിസംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദത്തിനു 50000 രൂപയായും ബിരുദാനന്തരബിരുദത്തിനു 55000 രൂപയായും പിഎച്ച്ഡിക്കു 60000 രൂപയായുമായാണ് സെമസ്റ്റർ ഫീസ് ഉയർത്തിയിരിക്കുന്നത്. ഇതു യഥാക്രമം 12000, 17780, 18780 രൂപയായിരുന്നു. സർവകലാശാലയുടെ സാമ്പത്തികബാധ്യതയെ മറികടക്കാനാണു ഫീസ് വർധിപ്പിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് എബിൻ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി മെഹറിൻ, യുയുസി നന്ദിത, ജനറൽ സെക്രട്ടറി അഫ്സൽ, ജോയിന്റ് സെക്രട്ടറി ആനന്ദ് എന്നിവർ പ്രസംഗിച്ചു. എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് ഇഹ്ത്തിഷം സ്വാഗതവും ജനറൽ സെക്രട്ടറി അഭയ് നന്ദിയും പറഞ്ഞു.
ഫീസ് വർധിപ്പിക്കാനുള്ള അക്കാദമിക് കൗൺസിൽ തീരുമാനം അംഗീകരിക്കില്ലെന്നും പിൻവലിക്കണമെന്നും ആർവൈഎഫ് ജില്ലാ സെക്രട്ടറി ആസാദ് കാഷ്മീരിയും പ്രസിഡന്റ് വിഷ്ണു രവീന്ദ്രനും ആവശ്യപ്പെട്ടു.