വാഴാനി ഡാം തുറക്കും
1586350
Sunday, August 24, 2025 7:54 AM IST
വടക്കാഞ്ചേരി: വാഴാനി ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11ന് തുറക്കുമെന്ന് വാഴാനി ഡാം അസിസ്റ്റന്റ്് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
നിലവിൽ ഡാമിന്റെ ജലനിരപ്പ് 60. 24 ശതമാനമാണ്. ഇത് സംഭരണശേഷിയുടെ 89 ശതമാനം വരും. വാണിംഗ് ലെവലിൽ ജലനിരപ്പ് എത്തിയില്ലെങ്കിലും ന്യൂനമർദ്ദ സാധ്യത ഉൾപ്പെടെ മുന്നിൽക്കണ്ട് മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഷട്ടറുകളിലൂടെ അധികജലം പുറത്തേയ്ക്ക് ഒഴുക്കുന്നത്.
പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുമായി ചർച്ച ചെയ്തും ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി പകൽ സമയങ്ങളിൽ സ്പീൽവേ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഒരു ദിവസം പരമാവധി 10 സെ.മി. എന്ന രീതിയിൽ പരമാവധി 30 സെ.മി. വരെ തുറന്ന് വാഴാനി ഡാമിൽ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
വടക്കാഞ്ചേരി കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.