ഭിന്നശേഷികുട്ടികളുടെ പ്രദർശന വിപണനമേള ശ്രദ്ധനേടി
1585911
Saturday, August 23, 2025 1:41 AM IST
തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷനിൽനടന്ന കൂടെ 4.0 പ്രദർശനവിപണന മേളയിൽ ഭിന്നശേഷികുട്ടികൾ നിർമിച്ച ഉൽപ്പന്നങ്ങൾ ശ്രദ്ധേയമായി. ഭിന്നശേഷികുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും സാന്പത്തിക സ്വയംപര്യാപ്തതയ്ക്കു പിന്തുണ നൽകാനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച മേളയിൽ ജില്ലയിലെ ബഡ്സ് സ്കൂളുകളിലും മറ്റ് സ്പെഷൽ സ്കൂളുകളിലുമായി പഠിക്കുന്ന കുട്ടികളാണ് ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ, സോപ്പ്, ഫിനോയിൽ, ബാഗുകൾ, അച്ചാർ, വിവിധതരം ഭക്ഷണവസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ തയാറാക്കിയത്.
സമാപനദിവസമായ ഇന്നലെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മേള സന്ദർശിച്ച് കുട്ടികളുടെ നിർമാണങ്ങൾ കാണുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. പകരം കളക്ടർക്കു സ്നേഹസമ്മാനങ്ങൾ നൽകി കുട്ടികൾ നന്ദി അറിയിച്ചു. പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർഥികൾ ചെണ്ടമേളത്തോടെയാണ് കളക്ടറെ സ്വീകരിച്ചത്. സബ് കളക്ടർ അഖിൽ വി. മേനോനും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.