മദ്യപാനികളുടെ അഹങ്കാരം; പാടശേഖരം മുഴുവൻ മദ്യക്കുപ്പികൾ
1585899
Saturday, August 23, 2025 1:41 AM IST
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിലെ മണലിത്തറ - വിരുപ്പാക്ക റോഡരികിലെ പാടശേഖരത്തിൽ മദ്യപാനികളുടെ വിളയാട്ടം. റോഡരികിലിരുന്നു മദ്യപിച്ചശേഷം കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപത്തെ പാടശേഖരത്തിലേക്ക് വലിച്ചെറിയുകയാണ് പതിവ്.
മണലിത്തറ സ്വദേശി ബോബന്റെ ഒരു ഏക്കർ വരുന്ന പാടശേഖരത്തിൽ നിന്നാണ് കഴിഞ്ഞദിവസം പാടശേഖരസമിതി ഭാരവാഹികളും നാട്ടുകാരും കർഷകരും ചേർന്ന് മദ്യകുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പറുക്കിയെടുത്തത്. ഈപ്രദേശത്തേക്ക് പോലീസിന്റെ വരവ് കുറവായതിനാലാണ് ഇവിടെ മദ്യപാനികൾ രാത്രിസമയങ്ങളിൽ താണ്ഡവമാടുന്നതെന്ന് കർഷകർ പറഞ്ഞു.
കഴിഞ്ഞദിവസം കൃഷിയിറക്കാൻ ട്രാക്ടർ പാടശേഖരത്തേക്ക് ഇറക്കിയതോടെയാണ് മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തിയത്. കൃഷിയിടത്തിൽ ഇനിയും ചില്ലുകുപ്പികൾ പൊട്ടിക്കിടക്കുന്നുണ്ട്. നെൽച്ചെടികൾ നടാനിറങ്ങുന്ന തൊഴിലാളികളുടെ കാലിൽ കുപ്പിചില്ല് കയറുമോ എന്ന ആശങ്കയിലാണ് പ്രദേശത്തെ നെൽകർഷകർ.