തിലകൻ തന്ത്രിയുടെ ത്രയോദശ ശ്രാദ്ധസപര്യ ഇന്ന്
1586338
Sunday, August 24, 2025 7:53 AM IST
കൊടുങ്ങല്ലൂർ: തിലകൻ തന്ത്രികളുടെ പതിമൂന്നാമത് ശ്രാദ്ധത്തിന്റെ ഭാഗമായി നടത്തുന്ന ത്രയോദശ ശ്രാദ്ധസപര്യ ഇന്നുനടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ എട്ടിന് തന്ത്ര പാഠശാലയിൽ നടക്കുന്ന ഗുരുപൂജ ചടങ്ങുകൾക്ക് വനിതകൾ കാർമികത്വംവഹിക്കും. തുടർന്ന് 10ന് ഗുരുദേവ കൺവൻഷൻ സെന്ററിൽ നടക്കുന്ന സത്സംഗത്തിൽ വൈദികസംഘം ആചാര്യൻ പ്രകാശൻ തന്ത്രികൾ അധ്യക്ഷതവഹിക്കും. പാലക്കാട് ദയാനന്ദാശ്രമത്തിലെ സംപൂജ്യ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനവും അനുഗ്രഹഭാഷണവും നിർവഹിക്കും.
വൈദിക സംഘത്തിന്റെ പന്ത്രണ്ടാമത് താന്ത്രികതിലകപുരസ്കാരം ഡോ.എം.വി. നടേശന് സമ്മാനിക്കും. ജ്യോതിഷ പണ്ഡിതൻ കാക്കശേരി രവീന്ദ്രൻ പണിക്കർക്കുള്ള സമാദരവ് ഡോ. വിഷ്ണുഭാരതീയ സ്വാമി സമർപ്പിക്കും.
പ്രതിഭകൾക്കുള്ള ആദരവ് കൂറ്റനാട് രാവുണ്ണിപണിക്കരും നിർധന രോഗികൾക്ക് ചികിത്സാധനസഹായസേവാനിധി എ.ആർ. ശ്രീകുമാറും വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരങ്ങൾ പി.കെ. പ്രസന്നനും സമർപ്പിക്കും. സി.ബി. പ്രകാശൻ തന്ത്രി, എം.എൻ. നന്ദകുമാർ തന്ത്രി, ഇ.കെ. ലാലപ്പൻ തന്ത്രി, പി.സി. ബൈജു തന്ത്രി, എ.ബി. വിശ്വംഭരൻ തന്ത്രി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.