മാവ് ഭീഷണി ഒഴിവാക്കാൻ ധർണ നടത്തി
1585892
Saturday, August 23, 2025 1:41 AM IST
ഒല്ലൂർ: ഒല്ലൂർ-തൃക്കൂർ പിഡബ്ല്യുഡി റോഡിൽ മരത്താക്കര തോട്ടപ്പടി സെന്ററിൽ പ്രായമേറിയതും കേടുവന്നതുമായ മാവ് യാത്രക്കാർക്കു ഭീഷണിയായി, റോഡിലേക്ക് എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിലാണ് മാവ്. സ്കൂൾവിദ്യാർഥികളടക്കം ഏറെപ്പേരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്.
വളരെ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മാവ് വെട്ടിമാറ്റണമെന്നു പിഡബ്ല്യുഡി, ഗ്രാമപഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചേർന്ന് മാവിനുമുന്പിൽ പ്രതിഷേധധർണ നടത്തി. ആർഡിഒയ്ക്കു ഭീമഹർജിയും തയാറാക്കിനൽകി.
ധർണ ഡിസിസി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ ഷീബ ഷാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെന്പർ നന്ദൻ കുന്നത്ത്, മുൻപഞ്ചായത്ത് പ്രസിഡന്റ് ജോണി ചിറയത്ത്, പഞ്ചായത്ത് മെന്പർ ജോസഫ് പടമാടൻ, ആൽജോ ചാണ്ടി, ഷാജു തൊമ്മാന, ബാബു മൊയലൻ, ദിനേശൻ പൊന്നന്പാലൻ, ബാബു പെരിഞ്ചേരി, വറീത് ചാണ്ടി, സാബു ചിറയത്ത്, സോജി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.